ശവമഞ്ചത്തിനരികെ മൂകയായി ശശികല
ശവമഞ്ചത്തിനരികെ മൂകയായി ശശികല
Tuesday, December 6, 2016 2:58 PM IST
ചെന്നൈ: ദുഃഖം തളംകെട്ടിയ കണ്ണുകൾ, വിഷാദഭാവം, കറുത്തസാരിയിൽ ശശികല നടരാജൻ ജയലളിതയുടെ മൃതദേഹത്തിനരികിൽ തൊട്ടും തലോടിയും നിന്നു. നീണ്ട 30 വർഷക്കാലം ജയലളിതയുടെ നിഴലായി നിന്ന തോഴി. പോയ്സ് ഗാർഡനിലെ ജയയുടെ വസതിയായ വേദനിലയത്തിലെ താമസക്കാരിയായ ഈ 59 കാരിക്ക് ഇതു തീരാനഷ്‌ടമാണ്. ജയലളിത ആശുപത്രിയിലായ സെപ്റ്റംബർ 22 മുതൽ അപ്പോളോ ആശുപത്രിയിലും അവർക്കൊപ്പം ശശികലയുണ്ടായിരുന്നു.

ജയ–ശശികല ബന്ധം അണ്ണാ ഡിഎംകെയെ തെരഞ്ഞെടുപ്പ് പരാജയത്തിലേക്കു നയിച്ചപ്പോൾ പോലും സന്തതസഹചാരിയെ ഉപേക്ഷിക്കാൻ ജയ തയാറായില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടകയിലെ വിചാരണക്കോടതി ശിക്ഷിച്ചു ജയിലിൽ അടച്ചപ്പോഴും തലൈവിക്കു കൂട്ടായി ശശികലയുണ്ടായിരുന്നു. ഇന്നലെ ശശികല മൃതദേഹത്തിനു സമീപം നിൽക്കുന്നതു കണ്ടപ്പോൾ മൂന്നു ദശകം മുമ്പു എംജിആറിന്റെ മൃതദേഹത്തിനരികെ ജയലളിത നിന്നതാണ് പലരും ഓർമിച്ചത്.

എവിടെപ്പോയാലും ജയലളിതയുടെ നിഴൽപോലെ ശശികലയും കൂടെയുണ്ടാവും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ജയലളിതയുടെ പ്രത്യേക വാഹനത്തിൽ അവർക്കൊപ്പമായിരുന്നു സ്‌ഥാനം.

1980 കളിൽ ജയലളിതയെ സംബന്ധിച്ച് ഡോക്യുമെന്ററി ചെയ്യാനെത്തി പിന്നെ തോഴിയും വിശ്വസ്തയുമായി മാറിയ ശശികല “ചിന്നമ്മ’ എന്ന പേരിലാണ് അണികൾക്കിടയിൽ അറിയപ്പെടുന്നത്. ജയലളിതയെ അക്കയെന്നാന്നു ശശികല വിളിക്കുന്നത്.

1991ൽ ജയലളിത മുഖ്യമന്ത്രിയായപ്പോൾ വൻ പരിവാരങ്ങൾക്കൊപ്പമാണ് മന്നാർഗുഡി സ്വദേശിയായ ശശികല ഭർത്താവിനൊപ്പം പോയസ് ഗാർഡനിൽ താമസിക്കാനെത്തിയത്. അണ്ണാ ഡിഎംകെ രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ട ശശികലയും സംഘവും പാർട്ടിയിൽ മന്നാർഗുഡി മാഫിയ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ശശികലയെയും മന്നാർഗുഡി മാഫിയയെയും വേദനിലയത്തിൽനിന്നു പുറത്താക്കിയെങ്കിലും വൈകാതെ അക്കയ്ക്കൊപ്പം ശശികല തിരിച്ചെത്തി. ജയയ്ക്കുശേഷം മുഖ്യമന്ത്രിസ്‌ഥാനവും പാർട്ടി അധ്യക്ഷപദവിയും ശശികലയ്ക്കു ലഭിക്കുമെന്നും ഒരു പ്രചാരമുണ്ട്.

പനീർശെൽവം ഇനി പകരക്കാരനല്ല

ചെന്നൈ: ജയലളിതയുടെ മന്ത്രിസഭയിലെ അംഗങ്ങളെയെല്ലാം പുതിയ മന്ത്രിസഭയിലും മുഖ്യമന്ത്രി പനീർശെൽവം ഉൾപ്പെടുത്തി. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 1.15നാണു പനീർശെൽവം മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തത്.


ജയലളിതയുടെ വിശ്വസ്ത അനുയായി ആണ് ഒപിഎസ് എന്ന് അറിയപ്പെടുന്ന ഒ. പനീർശെ–ൽവം(65). അഴിമതി കേസുകളിൽ രണ്ടു തവണ ജയലളിതയ്ക്ക് അധികാരമൊഴിയേണ്ടി വന്നപ്പോൾ പകരക്കാരനായത് പനീർശെൽവമായിരുന്നു. 2001 സെപ്റ്റംബറിലും 2014 സെപ്റ്റംബറിലുമായിരുന്നു പനീർശെൽവം പകരക്കാരനായത്.

എക്കാലവും ജയലളിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു പനീർശെൽവം. ജയലളിതയുടെ നിർദേശങ്ങളും ഉത്തരവുകളും എതിർപ്പിന്റെ സ്വരമുയർത്താതെ ഇദ്ദേഹം പാലിച്ചുപോന്നു. ഉദ്യോഗസ്‌ഥരെ ഏകോപിപ്പിച്ച് പ്രവർത്തിച്ചു. ഇരുത്തം വന്ന നേതാവായി പനീർശെൽവം ഉയർന്നു. ഒടുവിൽ പകരക്കാരനല്ലാതെ, മുഖ്യമന്ത്രിപദവും തേനി ജില്ലയിൽനിന്നുള്ള ഈ നേതാവിനെ തേടിയെത്തി.

മധ്യ–തെക്കൻ തമിഴ്നാട്ടിൽ പ്രബലമായ തേവർ സമുദായാംഗമായ പനീർശെൽവം തികച്ചും സാധാരണ പശ്ചാത്തലത്തിൽനിന്ന് ഉയർന്നു വന്ന നേതാവാണ്. പെരിയകുളം പട്ടണത്തിൽ ചായക്കട നടത്തിയിരുന്ന ആളാണ് ഇദ്ദേഹം. ഈ ചായക്കട ഇപ്പോഴും കുടുംബാംഗങ്ങൾ നടത്തുന്നു.

1996ൽ പെരിയകുളം മുനിസിപ്പൽ 24–ാം വാർഡ് സെക്രട്ടറിയായാണു പനീർശെൽവത്തിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് നഗരസഭാ ചെയർമാനായി. 2001ൽ നിയമസഭയിലേക്കു മത്സരിച്ചു. കന്നിവിജയത്തിൽത്തന്നെ റവന്യു വകുപ്പാണു ജയലളിത പനീർശെൽവത്തിനു നല്കിയത്. 2011ൽ ധനം, പൊതുമരാമത്ത് എന്നീ സുപ്രധാന വകുപ്പുകൾ നല്കി. അണ്ണാ ഡിഎംകെ പ്രതിപക്ഷത്തായിരുന്നപ്പോഴും പാർട്ടിയിൽ രണ്ടാമൻ പനീർശെൽവമായിരുന്നു. ജയലളിത ആശുപത്രിയിലായപ്പോൾ മന്ത്രിസഭാ യോഗങ്ങളിൽ അധ്യക്ഷത വഹിച്ചതും ജയലളിതയുടെ വകുപ്പുകൾ കൈകാര്യം ചെയ്തതും ഇദ്ദേഹമായിരുന്നു. മുഖ്യമന്ത്രിയായ പനീർശെൽവം തുടർന്നും ഈ വകുപ്പുകളുടെ ചുമതല വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.