നോട്ട് നിരോധനം മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നു ഹിന്ദുമഹാസഭ
Monday, December 5, 2016 2:55 PM IST
ന്യൂഡൽഹി: നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. നോട്ട് പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ മോദിയെ ഹിന്ദു വിരുദ്ധനെന്നാണ് ഹിന്ദുമഹാസഭ വിമർശിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗങ്ങളുടെ വിവാഹ സീസൺ അടുത്തിരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നോട്ട് പിൻവലിക്കൽ നടപടി നടപ്പിലാക്കുന്നത്.

എന്തിനു വേണ്ടിയാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നാണ് ഹിന്ദു മഹാസഭ ദേശീയ ജനറൽ സെക്രട്ടറി പൂജ ശകുൻ പാണ്ഡേ പറഞ്ഞത്. ദിവസം 200, 300 രൂപ വേതനം വാങ്ങി പണിയെടുക്കുന്നവരും സർക്കാരിന്റെ പെൻഷൻ വാങ്ങി കഴിയുന്നവരും ഇതുമൂലം കടുത്ത ബുദ്ധിമുട്ടിലായി.

എന്നാൽ, ധനികരുടെ കാര്യത്തിൽ സർക്കാർ നടപടി കൊണ്ട് ഒരു പോറൽ പോലും ഏൽപ്പിക്കാനായിട്ടില്ലെന്നും പാണ്ഡേ കുറ്റപ്പെടുത്തി.

വിവാഹ സീസണു തൊട്ടു മുൻപായി നോട്ട് നിരോധനം നടപ്പാക്കിയത് കൊണ്ട് വിവാഹ ആവശ്യങ്ങൾക്കായി പല കുടുംബങ്ങളും കടം വാങ്ങേണ്ട അവസ്‌ഥയായി.


ചിലരുടെ വിവാഹം മാറ്റി വെക്കേണ്ടി വരെ വന്നു. അതേസമയം, ബിജെപിയുടെ തന്നെ നേതാക്കൾ ഇസ്ലാമിക് ബാങ്കിംഗിനെ പിന്താങ്ങുന്ന അവസ്‌ഥയിലാണെന്നും അവർ കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിയുടെ ഹിന്ദുത്വ മുഖംമൂടി അഴിഞ്ഞു വീണിരിക്കുന്നു. ഡീ മോണിറ്റൈസേഷൻ ഡീ മോദിറ്റൈസേഷനു വഴിതെളിക്കുമെന്നും ഹിന്ദു മഹാസഭാ നേതാവ് ചൂണ്ടിക്കാട്ടി. വ്യാജ സർജിക്കൽ സ്ട്രൈക്കിന്റെ പേരിൽ ക്രെഡിറ്റ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം വർധിച്ചിരിക്കുന്നു.

സർജിക്കൽ സ്ട്രൈക്ക് നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് രാജ്യത്തിന് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് വക്‌താവ് അശോക് കുമാർ പാണ്ഡേ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.