ഭീകരതയ്ക്കു തണലേകുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം: മോദി
ഭീകരതയ്ക്കു തണലേകുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം: മോദി
Sunday, December 4, 2016 11:54 AM IST
അമൃത്സർ: ഭീകരവാദം സംബന്ധിച്ച് പാക്കിസ്‌ഥാനു കൃത്യമായ സന്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും. ഭീകരവാദത്തിനെതിരേ മാത്രം നിലകൊണ്ടാൽപോരെന്നും അതിനു വളമേകുന്ന, തണലാകുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നു മോദി ആവശ്യപ്പെട്ടു. ആറാമത് ഹാർട്ട് ഓഫ് ഏഷ്യ മന്ത്രിതല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഭീകരവാദത്തിനെതിരേ മോദി ആഞ്ഞടിച്ചത്. അഫ്ഗാനിസ്‌ഥാനിൽ സമാധാനം പുനസ്‌ഥാപിക്കേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ കടമയാണെന്നും ഇതു വാക്കുകളിൽ ഒതുക്കേണ്ട കാര്യമല്ലെന്നും മോദി കൂട്ടിച്ചേർത്തു. മേഖലയിലെ ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണ്, അഫ്ഗാനിസ്‌ഥാൻ നേരിടുന്ന പ്രശ്നവും അതുതന്നെ. ഭീകരശക്‌തികൾക്കെതിരേ മാത്രം പോരാടിയാൽ ഫലമുണ്ടാകില്ലെന്നും അതിനെ അനുകൂലിക്കുകയും താവളമൊരുക്കുകയും സമ്പത്തികസഹായം നല്കുകയും ചെയ്യുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പാക്കിസ്‌ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

അഫ്ഗാനിസ്‌ഥാൻ പ്രസിഡന്റ് അഷറഫ് ഗനി, പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകൻ സർതാജ് അസീസ് തുടങ്ങി 30 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ സാക്ഷികളാക്കിയാണ് മോദി ഭീകരവാദത്തിനെതിരേ ആഞ്ഞടിച്ചത്. ഭീകരതയ്ക്കും അതിന്റെ പിൻശക്‌തികൾക്കുമെതിരേ ഒന്നിക്കാനുള്ള പ്രമേയവും സമ്മേളനത്തിൽ പാസാക്കി.

അഫ്ഗാനിസ്‌ഥാന്റെ സമാധാനത്തിനു ഭീഷണിയാകുന്ന ഭീകരർക്കെതിരേ നിശബ്ദതപാലിക്കുന്നതു തീവ്രവാദികൾക്കും അവരെ വളർത്തുന്നവർക്കും ഊർജം പകരുകയേയുള്ളൂ. ലോകത്തിൽ ഭീതി പരത്തുന്ന രക്‌തരൂഷിതമായ ഭീകരവാദത്തെ പ്രതിരോധിക്കണം. ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലൂടെ മാത്രമേ ഭീകരവാദത്തെ തുടച്ചു നീക്കാൻ സാധിക്കൂ. അഫ്ഗാൻ ജനതയുടെ സമാധാനവും ഉന്നമനവുമാണു തങ്ങളുടെ ഹൃദയത്തിലുള്ളതെന്നും മോദി പറഞ്ഞു.


പാക്കിസ്‌ഥാനിൽനിന്ന് ഭീകരവാദം തങ്ങളുടെ മണ്ണിലേക്ക് കയറ്റി അയയ്ക്കുന്നതിനെതിരേ അഫ്ഗാനിസ്‌ഥാൻ പ്രസിഡന്റ് ഗാനി രൂക്ഷ വിമർശനം ഉന്നയിച്ചു. അഫ്ഗാന്റെ പുനരുദ്ധാരണത്തിനായി പാക്കിസ്‌ഥാൻ നല്കാമെന്നേറ്റ സഹായധനം ഭീകരവാദത്തിനെതിരേ ഉപയോഗിക്കുന്നതാണു നല്ലതെന്നു ഗാനി പറഞ്ഞു. 500 മില്യൺ ഡോളറിന്റെ സഹായമാണു പാക്കിസ്‌ഥാൻ പ്രഖ്യാപിച്ചിരുന്നത്. ഭീകരസംഘടനയായ താലിബാൻ അടക്കമുള്ളവയെ സഹായിക്കുന്നതിലൂടെ പാക്കിസ്‌ഥാൻ അഫ്ഗാനിസ്‌ഥാനെതിരേ അപ്രഖ്യാപിത യുദ്ധമാണു നടത്തുന്നത്–പാക്കിസ്‌ഥാന്റെ സഹായമില്ലായിരുന്നെങ്കിൽ ഒരു മാസത്തിൽകൂടുതൽ താലിബാന് ആയുസ് ഉണ്ടാകില്ലായിരുന്നെന്നു സംഘടനയുടെ കമാൻഡർ വെളിപ്പെടുത്തിയതു സൂചിപ്പിച്ച് ഗാനി പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും ആക്രമണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതു നിരീക്ഷിക്കാൻ അന്താരാഷ്ട്ര സംവിധാനം ഒരുക്കണമെന്നും ഗനി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.