സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം: പേരു നൽകുന്നതു കൊളീജിയം മാറ്റിവച്ചു
സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം: പേരു നൽകുന്നതു കൊളീജിയം മാറ്റിവച്ചു
Sunday, December 4, 2016 11:54 AM IST
ന്യൂഡൽഹി: സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാരുടെ ഒഴിവുകളിലേക്കു പേരുകൾ ശിപാർശ ചെയ്യുന്നതു ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ കൊളീജിയം മാറ്റിവച്ചു. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കേ ഇനി ശിപാർശകൾ സമർപ്പിക്കേണ്ടെന്നാണ് ചീഫ് ജസ്റ്റീസിന്റെ തീരുമാനം. കേന്ദ്രം സമർപ്പിച്ച നടപടിക്രമങ്ങളും കൊളീജിയത്തിന്റെ മുൻപാകെ വന്നെങ്കിലും ചർച്ചയ്ക്കെടുത്തില്ല. ജഡ്ജിമാരുടെ നിയമന വിഷയത്തിൽ ചീഫ് ജസ്റ്റിസും ടി.എസ്. ഠാക്കൂറും കേന്ദ്രവും തമ്മിലുള്ള ബന്ധം ഊഷ്മളമല്ല.

കഴിഞ്ഞയാഴ്ച കൊളീജിയം ചേർന്നെങ്കിലും ശിപാർശയുടെ കാര്യത്തിൽ തീരുമാനമെടുത്തില്ല. 2017 ജനുവരി മൂന്നിനാണ് ടി.എസ്. ഠാക്കൂർ വിമരിക്കുക. നാലിന് അടുത്ത ചീഫ് ജസ്റ്റീസായി ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ ജെ.എസ്. ഖേഹാർ ചുമതലയേൽക്കും. ചീഫ് ജസ്റ്റീസും ഏറ്റവും മുതിർന്ന നാല് ജഡ്ജിമാരും അടങ്ങുന്നതാണ് കൊളീജിയം. ഖേഹാർ ചുമതലയേൽക്കുന്നതോടെ ജസ്റ്റീസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ എന്നിവരായിരിക്കും കൊളീജിയത്തിലെ അംഗങ്ങൾ.

ജസ്റ്റീസ് ചെലമേശ്വർ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സെപ്റ്റംബർ മുതൽ കൊളീജിയം യോഗങ്ങളിൽ പങ്കെടുക്കാറില്ല. കൊളീജിയത്തിലെ ഭിന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചെലമേശ്വർ വിട്ടുനിൽക്കുന്നത്. ചെലമേശ്വറിനെ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.


ജഡ്ജിമാർക്കു കുറഞ്ഞത് അഞ്ചു വർഷം സുപ്രീം കോടതിയിൽ പ്രവർത്തിക്കാനുള്ള അവസരം നൽകണമെന്ന വാദവും കൊളീജിയത്തിൽ ഉയർന്നിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 വയസും സുപ്രീംകോടതിയിലെ വിരമിക്കൽ പ്രായം 65 വയസുമാണ്. ഹൈക്കോടതിയിൽ വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് പല ജഡ്ജിമാർക്കും സുപ്രീംകോടതിയിലേക്ക് വരാൻ അവസരം ലഭിക്കുന്നതെന്നും അതിനാൽ പരമാവധി മൂന്ന് വർഷമാണ് സുപ്രീം കോടതിയിൽ അവർക്ക് പ്രവർത്തിക്കാൻ സമയം ലഭക്കുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്. മൂന്നു വർഷക്കാലയളവിൽ ഒരു ബെഞ്ചിനു നേതൃത്വം നൽകാൻ പോലും പലർക്കും അവസരം ലഭിക്കാറില്ല. അതുകൊണ്ട് അഞ്ച് വർഷമെങ്കിലും അവസരം ലഭിക്കുന്ന തരത്തിൽ അവരെ സുപ്രീം കോടതിയിലെത്തിക്കണമെന്നാണ് കൊളീജിയത്തിന്റെ പൊതുവിലുള്ള അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.