മമത സമരം അവസാനിപ്പിച്ചു
മമത സമരം അവസാനിപ്പിച്ചു
Friday, December 2, 2016 3:11 PM IST
കോൽക്കത്ത: ടോൾ പ്ലാസകളിൽ സൈന്യത്തെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിവന്ന സമരം അവസാനിപ്പിച്ചു. 30 മണിക്കൂർ നീണ്ട പ്രതിഷേധമാണ് മമത അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ ഓഫീസിൽ ഒരു രാത്രിയും പകലും ചെലവഴിച്ചായിരുന്നു മമതയുടെ വേറിട്ട പ്രതിഷേധം. കേന്ദ്രം ബംഗാളിനെ ഭയപ്പെടുത്തിയില്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും മമത പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് മമത സമരം ആരംഭിച്ചത്. സൈന്യത്തെ പൂർണമായും പിൻവലിക്കാതെ സെക്രട്ടേറിയറ്റിലെ ഓഫീസ് വിട്ടുപോകില്ലെന്ന് അവർ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവൻ ഓഫീസിൽ കഴിഞ്ഞ മമത ഇന്നലെ പകലും ഇവിടെത്തന്നെ കഴിച്ചുകൂട്ടി. വൈകുന്നേരത്തോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

സംസ്‌ഥാന സർക്കാരിനെ അറിയിക്കാതെയാണു സൈന്യം ടോൾ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു പിരിവ് നടത്തുന്നതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം സൈന്യം തള്ളി. കോൽക്കത്ത പോലീസുമായി സഹകരിച്ചാണു സൈന്യം ടോൾ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്. നവംബർ 27, 28 തീയതികളിലാണ് ഇതു നടത്താൻ മുമ്പ് ധാരണയായതെന്നും എന്നാൽ, പിന്നീട് തീയതിൽ മാറ്റംവരുത്തി നവംബർ 30നും ഡിസംബർ രണ്ടിനും ടോൾ കേന്ദ്രങ്ങളിൽ എത്തുകയായിരുന്നു എന്നും ബംഗാൾ മേഖല ാ ജിഒസി മേജർ ജനറൽ സുനിൽ യാദവ് പറഞ്ഞു.

സമാനമായ നടപടി 2015 നവംബറിൽ ഈസ്റ്റേൺ കമാൻഡ് നടത്തിയിരുന്നു. ടോൾ സൈന്യം പിരിക്കുകയാണെന്ന മമതയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മേജർ ജനറൽ പറഞ്ഞു. ഒമ്പത് സംസ്‌ഥാനങ്ങളിലായി 80 പ്രദേശങ്ങളിൽ സമാനമായ പരിശോധന നടക്കുന്നുണ്ട്. ചരക്കുവാഹനങ്ങളെക്കുറിച്ചുള്ള കണക്കെടുപ്പാണ് സൈന്യം ലക്ഷ്യംവയ്ക്കുന്നത്. അതിനു ചില പ്രത്യേക കാരണമുണ്ടെന്നും വിംഗ് കമാൻഡർ എസ്.എസ്. ബിർദി പറഞ്ഞു.


അതേസമയം, ഫോണിലൂടെമാത്രമാണു സൈനികനീക്കത്തെക്കുറിച്ച് അറിഞ്ഞതെന്നാണു പോലീസ് വൃത്തങ്ങളിൽനിന്നുള്ള പ്രതികരണം. ടോൾ കേന്ദ്രങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിനെതിരേ തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ രാജ്ഭവനിലേക്കു പ്രതിഷേധ പ്രകടനംനടത്തി. 150 തൃണമൂൽ എംഎൽഎമാരും മന്ത്രിമാരും രാജ്ഭവനു മുന്നിൽ ധർണയും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായാണു തൃണമൂൽ എംഎൽഎമാർ രാജ്ഭവനിലേക്കെത്തിയത്.

ടോൾ കേന്ദ്രങ്ങളിൽനിന്ന് സൈന്യത്തെ അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് ഗവർണർ കെ.എൻ. ത്രിപാഠിക്ക് എംഎൽഎ സംഘം നിവേദനവും സമർപ്പിച്ചു. സംസ്‌ഥാനത്തിന്റെ ആരോപണത്തിന് സൈന്യം മറുപടി നല്കിയിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും ത്രിപാഠി മാധ്യമങ്ങളോടു പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് അവരുടെ കാഴ്ചപ്പാടാണെന്നും ഗവർണർ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.