രാജസ്‌ഥാൻ തെരഞ്ഞെടുപ്പ്: ബിജെപി–19, കോൺഗ്രസ്–14
രാജസ്‌ഥാൻ തെരഞ്ഞെടുപ്പ്: ബിജെപി–19, കോൺഗ്രസ്–14
Friday, December 2, 2016 3:01 PM IST
ജയ്പുർ: രാജസ്‌ഥാനിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി. ആകെയുള്ള 37 സീറ്റുകളിൽ ബിജെപി 19 സീറ്റുകളിലും കോൺഗ്രസ് 14 സീറ്റുകളിലും വിജയിച്ചു. നാലിടത്ത് സ്വതന്ത്രർക്കാണു വിജയം. 20 ജില്ലകളിലെ സീറ്റുകളിലേക്ക് ചൊവ്വാഴ്ചയാണു തെരഞ്ഞെടുപ്പു നടന്നത്. ബിജെപിയും കോൺഗ്രസും ഓരോ സീറ്റ് നേട്ടമുണ്ടാക്കി.

മൂന്നു ജില്ലാ പരിഷത്ത്, പത്തു മുനിസിപ്പൽ, 24 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ രണ്ടെണ്ണം ബിജെപിയും ഒരെണ്ണം കോൺഗ്രസും നേടി. 24 പഞ്ചായത്ത് സമിതി സീറ്റുകളിൽ ബിജെപി 12ഉം കോൺഗ്രസ് 10ഉം സീറ്റ് നേടി. രണ്ടെണ്ണം സ്വതന്ത്രർ കരസ്‌ഥമാക്കി. മുനിസിപ്പൽ സീറ്റുകളിൽ അഞ്ചെണ്ണം ബിജെപി നേടിയപ്പോൾ കോൺഗ്രസിനു കിട്ടിയത് മൂന്നു സീറ്റുകളാണ്. നോട്ട് അസാധുവാക്കിയതിനുശേഷം മഹാരാഷ്ട്രയിലും ഗുജറാത്തിലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.