നാഡ ചുഴലിക്കാറ്റ് എത്തി; തമിഴ്നാട്ടിൽ കനത്ത മഴ
നാഡ ചുഴലിക്കാറ്റ് എത്തി; തമിഴ്നാട്ടിൽ കനത്ത മഴ
Thursday, December 1, 2016 3:09 PM IST
കടലൂർ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം മൂലം രൂപപ്പെട്ട നാഡ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് എടുത്തതോടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടായി. ഇന്നു പുലർച്ചെയോടെ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത് ആഞ്ഞുവീശുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിനെത്തുടർന്നുള്ള ഏതു സഹാചര്യവും നേരിടാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശം നല്കിയതായി സംസ്‌ഥാന സർക്കാർ അറിയിച്ചു. ന്യൂനമർദത്തെത്തുടർന്നു രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാടിന്റെ തീരദേശങ്ങളിലും വടക്കൻ മേഖലയിലും കനത്തമഴയുണ്ടാകുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്‌ഥാനത്തിന്റെ 13 തീരജില്ലകളിലും ജാഗ്രതാനിർദേശം നല്കിയിട്ടുണ്ടെന്നും വേണ്ട മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യുമന്ത്രി ആർ.ബി. ഉദയകുമാർ പറഞ്ഞു. ചുഴലിക്കാറ്റിൽ വൈദ്യുത തകരാറും അപകടവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് വൈദ്യുതവകുപ്പ് ജാഗ്രത പാലിക്കുന്നുണ്ട്.


ഇതിനിടെ, തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും നാഡ ദുർബലമായിരിക്കുമെന്ന് ഏരിയ സൈക്ലോൺ വാണിംഗ് സെന്റർ ഡയറക്ടർ എസ്. ബാലചന്ദ്രൻ പറഞ്ഞു.

കൂടലൂർ, വേദരാണ്യം തീരങ്ങൾക്കു മധ്യത്തിലൂടെ നാഡ ഇന്നു തമിഴ്നാട്ടിൽ പ്രവേശിക്കും. ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.