മമതയുടെ വിമാനം നിലത്തിറക്കാൻ വൈകി
മമതയുടെ വിമാനം നിലത്തിറക്കാൻ വൈകി
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യാത്ര ചെയ്ത വിമാനത്തിന്റെ ലാൻഡിംഗ് വൈകിയ സംഭവം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷിക്കുമെന്നു സർക്കാർ. ലോക്സഭയിൽ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും രാജ്യസഭയിൽ സഹമന്ത്രി ജയന്ത് സിൻഹയുമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെ മറ്റു പ്രതിപക്ഷ പാർട്ടികളും വിഷയം ഇന്നലെ പാർലമെന്റിൽ ഉന്നയിച്ചിരുന്നു.

നോട്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ ശക്‌തമായ ആഞ്ഞടിക്കുന്ന മമതയെ അപകടത്തിൽ പെടുത്താനുള്ള ഗൂഢശ്രമമാണിതെന്നാണു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. മമതയുടെ വിമാനത്തിനു പുറമേ മറ്റു മൂന്നു വിമാനങ്ങൾക്കു വൈകിയാണ് ലാൻഡിംഗ് അനുമതി ലഭിച്ചത്. ഇക്കാര്യവും ഡിജിസിഎ അന്വേഷിക്കും. സംഭവത്തിനു പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഈസ്റ്റേൺ ചീഫ് സഞ്ജയ് ജയിനും വ്യക്‌തമാക്കി.

പാറ്റ്നയിൽനിന്നു മമത കയറിയ ഇൻഡിഗോ വിമാനം ലാൻഡിംഗ് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അരമണിക്കൂർ കോൽക്കത്തയ്ക്കു മുകളിൽ വട്ടമിട്ടു പറന്നതിനുശേഷമാണു നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ ഇറങ്ങിയത്.

ഇന്ധനം തീരാറായി എന്നു പൈലറ്റ് അറിയിച്ചിട്ടും 30 മിനിറ്റിനു ശേഷമാണ് വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയതെന്നാണ് ആരോപണം. വിമാനം നിലത്തിറങ്ങിയ ഉടൻ അഗ്നിശമന സേനയും ആംബുലൻസും ഉൾപ്പടെയുള്ള സുരക്ഷ സന്നാഹങ്ങൾ വളഞ്ഞിരുന്നു. മുതിർന്ന തൃണമൂൽ നേതാവ് ഫിർഹാദ് ഹക്കിമും വിമാനത്തിൽ മമതയ്ക്കൊപ്പമുണ്ടായിരുന്നു.

കുറഞ്ഞ ഇന്ധനുമായി വിമാനത്തിന് നിലത്തിറങ്ങാൻ അനുമതി തേടിയിട്ടും വൈകിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹവും ആരോപിച്ചു.

വിമാനം അപകടത്തിൽ പെടാൻ വരെ ഇടയുണ്ടായിരുന്നെന്നും മമതയുടെ ജീവൻ അപകടത്തിലായിരുന്നെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ ലോക്സഭയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. രാജ്യസഭയിൽ പാർട്ടി എംപി ഡെറിക് ഒബ്രിയനും വിഷയം ഉന്നയിച്ചു. സഭയിൽ ഇത്തരം ആരോപണങ്ങളുന്നയിക്കരുതെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു.


ഒരു സംസ്‌ഥാന മുഖ്യമന്ത്രിക്ക് ഇതാണ് അവസ്‌ഥയെങ്കിൽ സാധാരണക്കാരന്റെ അവസ്‌ഥയെന്താണെന്നായിരുന്നു ഒബ്രിയന്റെ മറു ചോദ്യം. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും എന്നാൽ, ഒരുതരത്തിലുള്ള ദുസൂചനകളും നടത്തരുതെന്നും ഉപാധ്യക്ഷൻ നിർദേശിച്ചു. ഇതിൽ ദുസൂചനയൊന്നുമില്ലെന്നും സംഭവം അതീവ ഗൗരവമേറിയതാണെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും പറഞ്ഞു.

ഇതിനിടെ മമതയുടെ വിമാനത്തിനു മാത്രമല്ല മറ്റു രണ്ടു വിമാനങ്ങൾക്കു കൂടി സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നു വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ വ്യക്‌തമാക്കി. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പൈലറ്റ് നൽകിയ സന്ദേശം തെറ്റിദ്ധാരണക്കിടയാക്കിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് ഇൻഡിഗോ വ്യക്‌തമാക്കി. ഇന്ധനം തീരാറായെന്നല്ല എട്ടു മിനിട്ട് അധിക സമയം പറക്കാനുള്ള ഇന്ധനമുണ്ടെന്നാണ് പൈലറ്റ് പറഞ്ഞത്. എന്നാൽ, എയർ ട്രാഫിക് കൺട്രോൾ ഇനി എട്ടു മിനിട്ട് പറക്കാനുള്ള ഇന്ധനമേ ഉള്ളു എന്നാണ് മനസിലാക്കിയതെന്നും ഇൻഡിഗോ വിശദീകരിക്കുന്നു. ഈ തെറ്റിദ്ധാരണയെത്തുടർന്നാണ് എയർട്രാഫിക് കൺട്രോൾ വിമാനം നിലത്തിറക്കിയപ്പോൾ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.