പ്രധാനമന്ത്രിയും വോട്ടുമില്ലാതെ ചർച്ചയ്ക്കില്ലെന്നു പ്രതിപക്ഷം
പ്രധാനമന്ത്രിയും വോട്ടുമില്ലാതെ ചർച്ചയ്ക്കില്ലെന്നു പ്രതിപക്ഷം
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കവേയാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. സഭ തുടങ്ങിയപ്പോൾ തന്നെ പ്രധാനമന്ത്രി സഭയിലെത്തുമെന്നു സർക്കാർ ഉപാധ്യക്ഷനെ അറിയിച്ചിരുന്നു. ചോദ്യോത്തര വേളയുടെ തുടക്കത്തിലാണ് മോദി സഭയിലെത്തിയത്.

സഭ ഇന്നല ചേർന്നപ്പോൾ മമത ബാനർജിയുടെ വിമാന വിഷയത്തിനും ആദായനികുതി ഭേദഗതി ബിൽ ധനബില്ലാക്കി അവതരിപ്പിച്ചതിനെ ചൊല്ലിയുമുള്ള വാദപ്രതിവാദങ്ങൾക്കുശേഷം ചോദ്യോത്തര വേളയിലേക്കു കടന്നപ്പോഴാണു പ്രധാനമന്ത്രി സഭയിലെത്തിയത്. പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിമർശിച്ചു. പതിനഞ്ചു ദിവസമായി നോട്ട് വിഷയത്തിൽ പ്രധാനമന്ത്രി ചർച്ചയിൽ പങ്കെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നു. ബാങ്കുകളിലും എടിഎമ്മുകളിലും പണമില്ലാത്ത അവസ്‌ഥയാണ്. 80–ലേറെ പേർ മരിച്ചിരിക്കുന്നു. പ്രധാനമന്ത്രി തങ്ങളെ കേൾക്കാൻ തയാറാകണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വിമർശകർക്കു രാജ്യദ്രോഹ മുദ്ര ചുമത്തിക്കൊടുക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും ഗുലാം നബി പറഞ്ഞു. പ്രധാനമന്ത്രി സ്വന്തം പാർട്ടി എംപിമാരെ മാത്രം കണ്ടു സംസാരിക്കുന്നു. സഭയിലെത്തുകയും പ്രതിപക്ഷത്തെ കേൾക്കാൻ തയാറാകുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ എംപി ഡെറിക് ഒബ്രിയനും ഇതിനെ പിന്താങ്ങി. വിഷയത്തിൽ പ്രധാനമന്ത്രി സഭയ്ക്കു പുറത്തു മാത്രമാണ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുന്നു എന്ന മോദിയുടെ ആരോപണം അപലപനീയമാണെന്നും ഗുലാം നബി പറഞ്ഞു.

ഇതോടെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തിനെതിരേ പ്രതിഷേധമുയർന്നു. നോട്ട് വിഷയത്തിൽ ഇടയ്ക്കു നിന്ന ചർച്ച തുടരാമെന്നു ചെയർമാൻ വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ പരാമർശം എല്ലാ പ്രതിപക്ഷത്തെയും അടച്ചാക്ഷേപിക്കുന്നതായിരുന്നെന്ന് ഡെറിക് ഒബ്രിയൻ ചൂണ്ടിക്കാട്ടി. ചർച്ച തുടരാമെന്ന് കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും രവിശങ്കർ പ്രസാദും വ്യക്‌തമാക്കി. തുടർന്ന് ബിജെഡി നേതാവ് എ.യു. സിംഗ് ദിയോയെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ വിളിച്ചു. എന്നാൽ, ചർച്ച വൺവേ ട്രാഫിക് ആകുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ജെഡി–യു നേതാവ് ശരദ് യാദവിന്റെ പ്രതികരണം. ചർച്ചമുഴുവൻ പ്രധാനമന്ത്രി കേട്ടിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എ.യു. സിംഗ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷത്തിനെതിരായ ആരോപണത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. സഭ വീണ്ടും ചേർന്നപ്പോഴും കോൺഗ്രസ് പ്രതിഷേധത്തിലുറച്ചുനിന്നു. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ ചേർന്നപ്പോഴും പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളമുന്നിയിച്ചു. 60 വർഷത്തെ ദുർഭരണത്തിന് കോൺഗ്രസ് മാപ്പു പറയണമെന്ന മന്ത്രി വെങ്കയ്യ നായിഡുവിന്റെ പരാമർശം കൂടിയായപ്പോൾ പ്രതിപക്ഷ ബഹളം രൂക്ഷമായി. ഇതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.

ലോക്സഭയിൽ വോട്ടിംഗോടു കൂടി നോട്ട് വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഇന്നലെയും ഉറച്ചുനിന്നു. രാവിലെ പ്രതിപക്ഷ ബഹളത്തെത്തുടർന്നു പിരിഞ്ഞ സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ചു. സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ ഉത്തരവുകളിൽ ജനം നട്ടം തിരിയുകയാണ്. എന്നാൽ, സർക്കാർ ഇതിനെ നിസാരമായി കാണുന്നു. കോൺഗ്രസിനൊപ്പം ജെഡിയു, സിപിഎം, സിപിഐ, തൃണമൂൽ അംഗങ്ങളും നടുത്തളത്തിലിറങ്ങി.

കള്ളപ്പണക്കാർക്കെതിരായ പോരാട്ടത്തിൽ എല്ലാവരും നരേന്ദ്ര മോദിക്കൊപ്പം നിൽക്കുമ്പോൾ പ്രതിപക്ഷം ചർച്ചയ്ക്കു തയാറാകുന്നില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു. സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്ന് ബിജെഡി നേതാവ് ഭർതൃഹരി മെഹ്താബും ആവശ്യപ്പെട്ടു. എന്നാൽ, ചർച്ച തുടങ്ങാമെന്നു സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞപ്പോൾ വോട്ടിംഗോടു കൂടിയ ചർച്ച വേണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിന്നു. ചോദ്യോത്തര വേളയായപ്പോൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സഭയിലെത്തി. തുടർന്നും ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നലത്തേക്കു പിരിഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.