ചർച്ചയ്ക്കില്ല, മോദി ചങ്ങാത്തത്തിനു വരും
ചർച്ചയ്ക്കില്ല,  മോദി ചങ്ങാത്തത്തിനു വരും
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ പ്രധാനമന്ത്രി സഭയിലിരുന്നു ചർച്ച കേൾക്കണമെന്നു പ്രതിപക്ഷം ശക്‌തമായി ആവശ്യപ്പെടുന്നതിനിടെ ഈ സമ്മേളനകാലത്തു പ്രധാനമന്ത്രി ഏറ്റവും അധികം സമയം സഭയിലിരുന്നത് ബഹളത്തെത്തുടർന്ന് രാജ്യസഭ പിരിഞ്ഞ വേളയിൽ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഏറ്റവും കൂടുതൽ വിമർശനമുന്നയിക്കുന്നത്. അതിനിടെ ഇന്നലെ പ്രതിപക്ഷ ബഹളത്തെത്തുടർന്നു പിരിഞ്ഞ രാജ്യസഭയിൽ പ്രധാനമന്ത്രി 15 മിനിട്ടിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആരംഭം മുതൽ എല്ലാ ദിവസവും കോൺഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ കക്ഷികളും സഭയിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ടാണ് പ്രതിഷേധമുയർത്തിയിരുന്നത്.


സഭ പിരിഞ്ഞ ഇടവേളയിൽ തന്റെ സീറ്റിലിരുന്ന മോദിയുടെ അരികിലേക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പടെയുള്ളവരെത്തി കുശലം പങ്കിട്ടു. സിനിമാ താരവും സമാജ് വാദി പാർട്ടി എംപിയുമായ ജയാ ബച്ചനും മോദിയോടു സംസാരിക്കാനെത്തി. ഇതോടെ എഐഎഡിഎംകെ, ഇടത് എംപിമാരുമെത്തി. ബോക്സർ മേരി കോമും മോദിക്കരികിലേക്കു സംസാരിക്കാനെത്തി. സഭ പിരിഞ്ഞ ഇടവേള മുഴുവനും എല്ലാവരുടെയും കുശലങ്ങൾക്കു ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ പുഞ്ചിരിച്ചു മോദിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.