കേന്ദ്രത്തോടു സുപ്രീംകോടതിയുടെ ചോദ്യം; കോടതികൾ അടച്ചിടാനാണോ നീക്കം?
കേന്ദ്രത്തോടു സുപ്രീംകോടതിയുടെ ചോദ്യം; കോടതികൾ അടച്ചിടാനാണോ നീക്കം?
Friday, October 28, 2016 1:16 PM IST
ജിജി ലൂക്കോസ്

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമന കാര്യത്തിൽ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരേ കടുത്ത വിമർശനവുമായി സുപ്രീംകോടതി വീണ്ടും രംഗത്ത്. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ നിയമനത്തിനും സ്‌ഥാനചലനത്തിനുമായുള്ള കൊളീജിയം ശിപാർശകളിൽ തീരുമാനമെടുക്കുകയോ, തൃപ്തികരമല്ലെങ്കിൽ തിരിച്ചയയ്ക്കുകയോ ചെയ്യാതെ ഫയലുകളിൽ അടയിരിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ഇത്തരം നടപടികളുമായി മുന്നോട്ടുപോയാൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തുമെന്നു മുന്നറിയിപ്പ് നൽകിയ കോടതി, തീരുമാനമുണ്ടായില്ലെങ്കിൽ അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് സർക്കാർ നിയമനം അട്ടിമറിക്കുകയാണെന്നു പ്രഖ്യാപിക്കുമെന്നും മുന്നറിയിപ്പു നല്കി.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനവും സ്‌ഥലംമാറ്റവും കൈകാര്യം ചെയ്യുന്നതിനായി കൊണ്ടുവന്ന ദേശീയ ജൂഡീഷൽ നിയമന കമ്മീഷൻ ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിട്ടതിനെത്തുടർന്ന് കേന്ദ്രവും സുപ്രീംകോടതിയും തമ്മിൽ ഭിന്നത നിലനിൽക്കേയാണു ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രൂക്ഷമായ രീതിയിൽ വീണ്ടും ഇടപെട്ടത്. ജഡ്ജിമാരുടെ നിയമനം വൈകുന്നതിനെതിരേയുള്ള ഒരു പൊതുതാത്പര്യ ഹർജി പരിഗണിച്ചു നേരത്തേ കോടതി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. എന്നിട്ടും തീരുമാനമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസിന്റെ ഇന്നലത്തെ വിമർശനം.

ജഡ്ജിമാരുടെ നിയമനം ഏറ്റവും മുന്തിയ പരിഗണന നൽകി പൂർത്തിയാക്കുമെന്നാണു കഴിഞ്ഞ തവണ വാദത്തിനെടുത്തപ്പോൾ സർക്കാർ ഉറപ്പു നൽകിയത്. എന്നാൽ, ഇപ്പോൾ നീതിനിർവഹണം താറുമാറാക്കി നിയമവ്യവസ്‌ഥയെ തളർത്താനാണ് സർക്കാരിന്റെ ശ്രമം. ഇങ്ങനെ പോയാൽ കോടതികൾ അടച്ചു പൂട്ടേണ്ടിവരും. നിയമനം നടക്കാത്തതിനാൽ കർണാടക ഹൈക്കോടതിയിൽ ആവശ്യത്തിനു ജഡ്ജിമാരില്ല. അവിടെ ഒരു നിലയിലെ മുഴുവൻ കോടതി മുറികളും അടഞ്ഞു കിടക്കുകയാണ്: ചീഫ് ജസ്റ്റീസ് അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയോടു പറഞ്ഞു.


ഇത്തരം രീതിയിൽ തുടരാനാണെങ്കിൽ നിങ്ങൾക്കു കോടതികൾ അടച്ചു നീതിന്യായ വ്യവസ്‌ഥയെ ഇല്ലാതാക്കാമെന്നും ഒരു വേള ചീഫ് ജസ്റ്റീസ് ഠാക്കുർ പറഞ്ഞതു സുപ്രീംകോടതിയിൽ കനത്ത നിശബ്ദതയ്ക്കിടയാക്കി. ജുഡീഷൽ നിയമന കമ്മീഷൻ റദ്ദാക്കിയതിനു പിന്നാലെ രണ്ടു വശത്തും പിടിവാശികൾ മുറുകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഒമ്പതു മാസമായിട്ടും നിയമന ശിപാർശകളിൽ തീരുമാനമുണ്ടാകാത്തതു നീതികരിക്കാനാവില്ലെന്നും ഓർമിപ്പിച്ചു. തീരുമാനമെടുക്കാൻ ഇനിയും നിങ്ങൾക്ക് എന്താണു വേണ്ടത്? സംവിധാനത്തിൽ മാറ്റം വരുത്തുകയും വിപ്ലവം കൊണ്ടുവരുകയും ചെയ്യുന്നതിനാണോ നിങ്ങൾ കാത്തിരിക്കുന്നത്? 77 പേരെ ശിപാർശ ചെയ്തിട്ട് 18 പേരെയേ എടുത്തുള്ളൂ. അലാഹാബാദ് ഹൈക്കോടതിയിൽ 18 ജഡ്ജിമാരുടെ നിയമനം നടത്തണമെന്നുള്ളപ്പോൾ നിങ്ങൾ എട്ടു പേരുടെ പേരാണ് തെരഞ്ഞെടുത്തത്. ഇപ്പോൾ പറയുന്നു രണ്ടു പേർ മതിയെന്ന്. രണ്ട് അധികാരസ്‌ഥാപനങ്ങൾ ഇത്തരത്തിൽ സംഘട്ടനവുമായി മുന്നോട്ടു പോകുന്നത് അനുവദിക്കാനാവില്ല: ചീഫ് ജസ്റ്റീസ് പറഞ്ഞു.


ഇത്തരം നടപടികൾ ആരുടെയെങ്കിലും അഹങ്കാര മനോഭാവമോ വ്യക്‌തിപരമായ നടപടിയോ ആയി കണക്കാക്കാനാവില്ലെന്നു വ്യക്‌തമാക്കിയ കോടതി, നിയമ മന്ത്രാലയത്തിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താൻ ആദ്യം ഉത്തരവിട്ടെങ്കിലും പിന്നീട് പിൻവലിച്ചു. അതേസമയം, ജഡ്ജി നിയമനത്തിനുള്ള മാനദണ്ഡങ്ങൾ കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാത്തതാണ് നിയമന നടപടികൾ മുന്നോട്ടു പോകാത്തതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുവാദം. ഇതിന്, നിയമന നടപടികൾ മുമ്പുണ്ടായിരുന്നതുപോലെ നടക്കുന്നില്ല എങ്കിൽ അതിനായി അഞ്ചംഗ ബെഞ്ചിനെ ചുമതലപ്പെടുത്താമെന്നും നിയമന മാനദണ്ഡങ്ങൾ രൂപീകരിച്ച് അതു നടപ്പിലാക്കാമെന്നും അറ്റോർണി ജനറലിന്റെ വാദത്തിനു കോടതി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.