ചൈനീസ് പട്ടാളക്കാരനു വീട്ടുകാരെ കാണാൻ തീവ്രാഭിലാഷം
ചൈനീസ് പട്ടാളക്കാരനു വീട്ടുകാരെ കാണാൻ തീവ്രാഭിലാഷം
Friday, October 28, 2016 1:16 PM IST
ഭോപ്പാൽ: ലോകമഹായുദ്ധത്തിനിടെ മഞ്ഞും പുകയും കാരണം ദിക്കുമാറി എതിർപാളയത്തിനൊപ്പം തോക്കുമായി നീങ്ങുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ലോകത്തെ ചിരിപ്പിച്ചു. ചാപ്ലിന്റെ കഥാപാത്രം കാണികളെ ചിരിപ്പിച്ചെങ്കിൽ വാംഗ് ക്വി എന്ന ചൈനീസ് പട്ടാളക്കാരന്റെ ജീവിതം അത്ര രസകരം അല്ല. 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ ചൈനീസ് പട്ടാളക്കാരനായിരുന്നു വാംഗ്. കടുത്ത മഞ്ഞും പ്രതികൂല കാലാവസ്‌ഥയും വാംഗിനെ ഒറ്റപ്പെടുത്തി ആസാമിലെത്തിച്ചു. അവിടെവച്ച് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ സംരക്ഷണയിലായി. തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ തടങ്കലിലും. വാംഗിന്റെ ശരീരത്തിൽ പ്രായം ചിത്രംവരച്ചപ്പോൾ തന്റെ കുടുംബ വേരിലേക്കുള്ള അന്വേഷണം മനസിൽ ജനിച്ചു. എഴുപത്തിയേഴുകാരനായ വാംഗിന്റെ ഇപ്പോഴത്തെ ഏക ആഗ്രഹം ചൈനയിലെ തന്റെ കുടുംബാംഗങ്ങളെ നേരിൽ കാണുക എന്നതാണ്.

മുമ്പും സമാന ആഗ്രഹത്തോടെ കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴെല്ലാം നിരാശയായിരുന്നു വാംഗിനു ലഭിച്ചത്. ഇപ്പോഴാകട്ടെ ഇന്ത്യയും ചൈനയും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുമുണ്ട്. എങ്കിലും തന്റെ സ്വപ്നം സഫലമാകുമെന്നാണ് ബലാഘട്ട് ജില്ലയിലെ നക്സൽ സ്വാധീന പ്രദേശമായ തിറോഡിയിൽ താമസിക്കുന്ന വാംഗിന്റെ പ്രതീക്ഷ.


1960ലാണ് വാംഗ് ചൈനീസ് സൈന്യത്തിൽ ചേർന്നത്. 1963ൽ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ അദ്ദേഹം 1969 മാർച്ചിൽ മോചിതനായി. ആസാം, ആജ്മീർ, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം തടങ്കലിൽ കഴിഞ്ഞ വാംഗിനെ ഹരിയാന ഹൈക്കോടതിയാണു മോചിപ്പിച്ചത്. ഇന്ത്യൻ സർക്കാർ ചൈനയിലേക്ക് തിരികെ പോകാൻ സഹായിക്കാമെന്ന് അറിയിച്ചിരുന്നതായാണു വാംഗിന്റെ മകൻ വിഷ്ണു വാംഗ് (35) പറയുന്നത്. എന്നാൽ, ഏറ്റവും ഒടുവിൽ ബൽഗാട്ടിലെത്തിയ വാംഗ് സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. 1975 സുശീലയെ വിവാഹം കഴിച്ചു. നേപ്പാളി രൂപക്കാരനായ വാംഗിനെ രാജ് ബഹദൂർ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നതെന്നാണ് വിഷ്ണു പറയുന്നത്. വിവാഹം കഴിഞ്ഞതോടെ കേന്ദ്ര സർക്കാർ നല്കിയിരുന്ന സഹായധനം നിർത്തലാക്കിയതായും വിഷ്ണു വാംഗ് പറഞ്ഞു. തന്റെ പിതാവ് ഏറെ കഷ്‌ടപ്പെട്ടെന്നും ചൈനയിലെ കുടുംബാംഗങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.