മോദിയുടെ വിദേശയാത്രാ ബില്ലുകൾ ഹാജരാക്കാൻ നിർദേശം
മോദിയുടെ വിദേശയാത്രാ ബില്ലുകൾ ഹാജരാക്കാൻ നിർദേശം
Friday, October 28, 2016 12:50 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ എല്ലാ വിദേശയാത്രകളുടെയും ബില്ലുകൾ അടക്കമുള്ള വിവരങ്ങൾ ഹാജരാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു മുഖ്യ വിവരാവകാശ കമ്മീഷന്റെ നിർദേശം. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യം വിദേശകാര്യ മന്ത്രാലയം തള്ളിയതിനെതിരേ വിരമിച്ച കമാൻഡർ ലോകേഷ് ബത്ര നൽകിയ അപ്പീൽ പരാതിയിലാണു കമ്മീഷന്റെ നടപടി. വിവരാവകാശ അപേക്ഷ നിരസിച്ചതിനു പറഞ്ഞ സുരക്ഷാ പ്രശ്നത്തിനു വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ നിരസിച്ചതിനു കാരണമാക്കിയ സുരക്ഷാ പ്രശ്നമുണ്ടോയെന്നു പരിശോധിക്കുമെന്നു വ്യക്‌തമാക്കിയ മുഖ്യ വിവരാവകാശ കമ്മീഷണർ ആർ.കെ. മാഥുർ, നിർദിഷ്‌ട ഫയൽ പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചെലവിനത്തിൽ ആയിരക്കണക്കിനു കോടി രൂപ എയർ ഇന്ത്യക്കു മാത്രം കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വ്യക്കമാക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ ചെലവഴിക്കുന്നത് നികുതിദായകരുടെ പണമായതിനാൽ ചെലവു വിവരങ്ങളുടെ വിശദാംശങ്ങളേക്കുറിച്ച് അറിയുന്നതിന് പൊതുജനത്തിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകേഷ് ബത്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.