സമാജ്വാദി പാർട്ടിയിൽ കലഹത്തിനു ശമനമില്ല: അഖിലേഷ് അനുകൂലിയായ മന്ത്രിയെ പാർട്ടിയിൽനിന്നു പുറത്താക്കി
സമാജ്വാദി പാർട്ടിയിൽ കലഹത്തിനു ശമനമില്ല: അഖിലേഷ് അനുകൂലിയായ മന്ത്രിയെ പാർട്ടിയിൽനിന്നു പുറത്താക്കി
Wednesday, October 26, 2016 12:23 PM IST
ലക്നോ: സമാജ്വാദി പാർട്ടിയിലെ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. അഖിലേഷിനെ അനുകൂലിക്കുന്ന മന്ത്രി പവൻ പാണ്ഡേയെ പാർട്ടി സംസ്‌ഥാന പ്രസിഡന്റ് ശിവ്പാൽ യാദവ് പാർട്ടിയിൽനിന്നു പുറത്താക്കി. പാണ്ഡേയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നു ശിവ്പാൽ അഖിലേഷിനോട് ആവശ്യപ്പെട്ടു.

ഇന്നലെ ഗവർണർ രാം നായിക്കുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സംസ്‌ഥാനത്തെ രാഷ്ട്രീയ സ്‌ഥിതിഗതികൾ ഗവർണറെ മുഖ്യമന്ത്രി ധരിപ്പിച്ചതായും അഖിലേഷിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക ഗവർണർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിയുടേത് ഔപചാരിക സന്ദർശനം ആയിരുന്നുവെന്നു രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണു പവൻ പാണ്ഡേയെ ആറു വർഷത്തേക്കു പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് പാണ്ഡേ തന്നെ രണ്ടുവട്ടം തല്ലിയെന്ന് എസ്പി എംഎൽസി അഷു മാലിക് ആരോപിച്ചു. പാണ്ഡെയ്ക്കെതിരേ മാലിക് പരാതി നല്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. തനിക്കെതിരേ മാധ്യമങ്ങളിൽ വാർത്ത ചമയ്ക്കുന്നുവെന്നു മാലിക്കിനെതിരേ അഖിലേഷ് ആരോപണമുന്നയിച്ചിരുന്നു. അഖിലേഷിനെ ഔറംഗസീബിനോടും മുലായത്തെ ഷാജഹാനോടും ഉപമിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതേക്കുറിച്ചു വിശദീകരിക്കാനാണു മാലിക് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. അവിടെവച്ചാണ് പവൻ പാണ്ഡേയുമായി കൈയാങ്കളിയുണ്ടായത്. സംഭവം നടക്കുമ്പോൾ അഖിലേഷ് അവിടെയുണ്ടായിരുന്നില്ല.


ഇതിനിടെ, ശിവ്പാൽ യാദവ് ലക്നോ കാളിദാസ് മാർഗിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ശിവ്പാലിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള സാധ്യത അടഞ്ഞതിന്റെ തെളിവാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.