മൂന്നു മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു
മൂന്നു മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു
Tuesday, October 25, 2016 12:44 PM IST
വിശാഖപട്ടണം: ഒഡീഷ–ആന്ധ്ര അതിർത്തിഗ്രാമമായ മൽക്കൻഗിരിയിൽ ഇന്നലെ നടന്ന നക്സൽ വേട്ടയുടെ തുടർച്ചയായി സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ മൂന്നു മാവോയിസ്റ്റുകൾകൂടി കൊല്ലപ്പെട്ടു.

ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 27 ആയി. രണ്ടുദിവസമായി കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ 24 പേർ ആന്ധ്രപ്രദേശ്, തെലങ്കാന സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ്. മൂന്നു പേർ ഛത്തീസ്ഗഡ് സ്വദേശികളുമാണ്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിശാഖപട്ടണം പോലീസ് സൂപ്രണ്ട് രാഹുൽ ദേവ് ശർമ അറിയിച്ചു. രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് ഇത്തവണത്തേതെന്നും അതിൽ പങ്കെടുത്ത എല്ലാ പോലീസ് സുരക്ഷാ ഉദ്യോഗസ്‌ഥരെയും അദ്ദേഹം അനുമോദിച്ചു.

ഇന്നലെ ആരംഭിച്ച മാവോയിസ്റ്റ് വേട്ട ഇന്നാണ് അവസാനിച്ചത്. എട്ടു വനിതകളടക്കം 24 മാവോയിസ്റ്റുകൾ ഇന്നലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഒരു ജവാനു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന പോരാട്ടത്തിൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കളായ രവി ഉല്ലാസ് ഉദയ്, ചലപതി എന്നിവരും കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേഹൗണ്ടും ആന്ധ്ര പോലീസും സംയുക്‌തമായാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. നിലവിൽ ഈ മേഖലയിലെ മുഴുവൻ മാവോയിസ്റ്റുകളെയും തുരത്തിയതായി രാഹുൽ ദേവ് ശർമ അറിയിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മാവോയിസ്റ്റുകളുടെ താവളം സേന കണ്ടെത്തിയത്. താവളം വളഞ്ഞ സുരക്ഷാസേനയ്ക്കു നേരേ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. നാല് എകെ– 47 അടക്കം 17 തോക്കുകൾ, വെടിമരുന്നുശേഖരം തുടങ്ങി വലിയ ആയുധ ശേഖരം മാവോയിസ്റ്റ് താവളത്തിൽനിന്നു സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു.


ഏറ്റുമുട്ടലിനെത്തുടർന്ന് മൽക്കൻഗിരിയിൽ കനത്ത ജാഗ്രത പുലർത്താൻ സുരക്ഷേ സേനയ്ക്കു നിർദേശം നൽകി. മാവോയിസ്റ്റുകളുടെ പ്രത്യാക്രമണത്തിനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിരിക്കുന്നതെന്നു മുതിർന്ന സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു. പ്രദേശവാസികളെ മനുഷ്യപരിചയാക്കി പ്രത്യാക്രമണം നടത്താനുള്ള സാധ്യതയും സേന കണുന്നുണ്ട്.

മാൽക്കൻഗിരിയിൽ മാവോയിസ്റ്റുകൾക്ക് ഗ്രാമവാസികളിൽനിന്ന് വലിയ തോതിലുള്ള പിന്തുണ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.