പഴയ ഡൽഹിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
പഴയ ഡൽഹിയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
Tuesday, October 25, 2016 12:44 PM IST
ന്യൂഡൽഹി: പഴയ ഡൽഹിയിലെ തിരക്കേറിയ നയാ ബസാറിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്കു പരിക്കേറ്റു. ചാന്ദ്നി ചൗക്കിലെ മോസ്കിനോടു ചേർന്ന മാർക്കറ്റിലാണ് ഇന്നലെ പൊട്ടിത്തെറിയുണ്ടായത്. വെടിമരുന്നുമായി വരികയായിരുന്ന ആളാണു കൊല്ലപ്പെട്ടതെന്നാണു വിവരം. പശ്ചിമബംഗാൾ സ്വദേശിയായ ഇയാൾ പൊട്ടിത്തെറിക്കും മുമ്പു പുകവലിച്ചിരുന്നതായും ദൃക്സാക്ഷികൾ പറയുന്നു.

ബഹ്റിൻ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംഭവത്തിൽ ഡൽഹി പോലീസിനോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ സമാധാനം നിലനിർത്തുന്നതിനും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കുന്നതിനും ഡൽഹി പോലീസ് കമ്മീഷണറും നിർദേശം നൽകിയിട്ടുണ്ട്.

ഫ്ളാറ്റുകളും കടകളുമായി ഏറ്റവും തിരക്കേറിയതും ഇടുങ്ങിയതുമായ പ്രദേശമാണ് നയാ ബസാർ. സിസി ടിവി ദൃശ്യങ്ങളിൽ ഒരാൾ പടക്കം ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളുമായി വരുന്നത് വ്യക്‌തമാണ്. പിന്നീട് ഇയാൾ ചുമന്നു കൊണ്ടു വന്ന കെട്ട് താഴെ വയ്ക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. അന്തരീക്ഷത്തിൽ പുകപടലം നിറഞ്ഞതോടെ ആളുകൾ പരിഭ്രാന്തരായി നാലുപാടും ചിതറിയോടി. ഉടൻ പോലീസും ഭീകരവിരുദ്ധ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ദീപാവലി അടുത്ത ദിവസങ്ങളിൽ ആഘോഷങ്ങൾക്കായി എത്തിച്ച പടക്കം പൊട്ടിത്തെറിച്ചതായിരിക്കാമെന്നാണു പ്രാഥമിക നിഗമനം.


ഉറി ആക്രമണത്തിനു പിന്നാലെ ഇന്ത്യ തിരിച്ചടി നൽകിയതിന്റെ പശ്ചാത്തലത്തിൽ തലസ്‌ഥാനത്ത് ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

ദീപാവലിയോട് അനുബന്ധിച്ച് ഡൽഹി പോലീസ് കനത്ത സുരക്ഷാവലയമാണ് നഗരത്തിൽ തീർത്തിട്ടുള്ളത്. അതിനാൽ, സംഭവത്തെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പടക്കക്കച്ചവടത്തിന് പേരുകേട്ട മാർക്കറ്റാണ് നയാബസാർ. പടക്കത്തിന് തീപിടിച്ചായിരിക്കാം സ്ഫോടനമുണ്ടായതെന്നും പോലീസ് അനുമാനിക്കുന്നുണ്ട്. എന്നാൽ, ഒരു തരത്തിലുള്ള ഔദ്യോഗിക വിശദീകരണത്തിനും പോലീസ് തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.