ക്യാന്ത് ചുഴലിക്കാറ്റ്: ഒഡീഷയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ക്യാന്ത് ചുഴലിക്കാറ്റ്: ഒഡീഷയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Tuesday, October 25, 2016 12:28 PM IST
ഭൂവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ടിരിക്കുന്ന ക്യാന്ത് അഥവാ മുതല ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെ കരയിലെത്തുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് കിഴക്കൻ തീരത്ത് ജാഗ്രത പുലർത്തിവരികയാണ്.

ക്യാന്ത് ചുഴലിക്കാറ്റിന്റെ വെളിച്ചത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഒഡീഷയിൽ കളക്ടർമാരുടെ അടിയന്തരയോഗം ചേർന്നു. മുഖ്യമന്ത്രി നവീൻ പട്നായിക് വിളിച്ചുക്കൂട്ടിയ 14 തീരദേശ ജില്ലകളിലെ കളക്ടർമാരാണു യോഗത്തിൽ പങ്കെടുത്തത്. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മുഖ്യമന്ത്രി കളക്ടർമാരോടു ചർച്ച നടത്തിയത്. കടലിൽ മീൻ പിടിക്കാൻ പോയിട്ടുള്ളവരോട് എത്രയും വേഗം തിരികെ കരയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. കടൽ ശാന്തമാകുന്നതു വരെ മീൻപിടിക്കാൻ പോകരുതെന്ന് ദുരന്തനിവാരണ സേന കമ്മീഷണർ പി.കെ. മോഹപത്ര കർശന നിർദേശം നൽകി. ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും അവധിയിലുള്ള ഉദ്യോഗസ്‌ഥരോടു ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടെന്നും കളക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചു. യോഗത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി, ദുരന്തനിവാരണ സേനാ കമ്മീഷണർ, മറ്റ് പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.


കോൽക്കത്ത മുതൽ തമിഴ്നാട് വരെയുള്ള മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനും കൊയ്തിട്ടിരിക്കുന്ന ധാന്യങ്ങൾ ഗോഡൗണുകളിലേക്കു മാറ്റാനും നിർദേശം നല്കിയിട്ടുണ്ട് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ച ഉച്ചയോടെയാണു ചുഴലിക്കാറ്റായി ശക്‌തിയാർജിച്ചത്. വിശാഖപട്ടണത്തിന് 850 കിലോമീറ്റർ കിഴക്കും ഒഡീഷയിലെ ഗോപാൽപുരിന് 710 തെക്ക്–തെക്ക്കിഴക്കുമായാണു ചുഴലിക്കാറ്റിന്റെ ഇപ്പോഴത്തെ സ്‌ഥാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.