ഭീകരർ നുഴഞ്ഞുകയറുന്ന ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു
Sunday, October 23, 2016 12:02 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ഭീകരർ നുഴഞ്ഞുകയറുന്നതിന്റെ തെർമൽ വീഡിയോ ദൃശ്യങ്ങൾ ബിഎസ്എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി ഹീരാനഗർ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബിഎസ്എഫ് പുറത്തുവിട്ടത്. ഭീകരർ ബിഎസ്എഫ് പോസ്റ്റുകൾക്കു നേർക്കു വെടിയുതിർക്കുന്നതിന്റെയും ബോംബുകൾ എറിയുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്.

യന്ത്രത്തോക്കുകളും റോക്കറ്റുപയോഗിച്ച് തൊടുക്കുന്ന ഗ്രനേഡുകളും ഉപയോഗിച്ചാണ് ഭീകരർ പോസ്റ്റ് ആക്രമിച്ചതെന്ന് ബിഎസ്എഫ് അറിയിച്ചു. സൈന്യം തിരിച്ചടിച്ചതിനെ തുടർന്ന് ഭീകരർ പിൻവാങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി മുതൽ പാക് അതിർത്തിയിൽനിന്നു സൈന്യത്തിനു നേർക്ക് തുടർച്ചയായി വെടിവയ്പുണ്ടാകുന്നുണ്ട്. ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിർത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിർത്തൽ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.