സ്വന്തം ബാങ്കിലെ എടിഎം മാത്രം ഉപയോഗിക്കാൻ നിർദേശം
സ്വന്തം ബാങ്കിലെ എടിഎം മാത്രം ഉപയോഗിക്കാൻ നിർദേശം
Saturday, October 22, 2016 12:22 PM IST
ന്യൂഡൽഹി: ഉപഭോക്‌താക്കൾ സ്വന്തം ബാങ്കിന്റെ എടിഎം ശൃംഖലയിൽപ്പെട്ട മെഷീനുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തെ 32 ലക്ഷത്തിൽ അധികം എടിഎം വിവരങ്ങൾ ചോർന്നതിനെത്തുടർന്നാണ് എസ്ബിഐ ഉപഭോക്‌താക്കൾക്കു സുരക്ഷാ നിർദേശം നൽകിയത്. അഞ്ചു ലക്ഷത്തോളം എടിഎം കാർഡുകളാണ് എസ്ബിഐ പുറത്തിറക്കിയിരിക്കുന്നത്.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ എസ്ബിഐ ഉപഭോക്‌താക്കൾ എടിഎം ശൃംഖല മാത്രം ഉപയോഗിച്ച് ഇടപാട് നടത്തണമെന്ന ഉപദേശമാണ് എസ്ബിഐയുടെ ബംഗാൾ സർക്കിൾ സിജിഎം പാർത്ഥ പ്രതിം സെൻഗുപ്ത നൽകിയിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ എസ്ബിഐയുടെ ആറു ലക്ഷം എടിഎം കാർഡുകൾ റദ്ദാക്കി പുതുക്കി നൽകുമെന്നും അവർ വ്യക്‌തമാക്കി.


സമാനമായ പ്രശ്നങ്ങൾ നേരിട്ട രാജ്യത്തെ വലിയ സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ, യെസ് ബാങ്ക് തുടങ്ങിയവയും തങ്ങളുടെ ഉപഭോക്‌താക്കൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്വന്തം എടിഎം ശൃംഖലകൾ വഴി മാത്രം ഇടപാടുകൾ നടത്തണമെന്നാണ് ഇവരും ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ 19 ബാങ്കുകളിലെ 641 ഉപഭോക്‌താക്കളുടെ എടിഎം വിവരങ്ങൾ ചോർത്തി 1.3കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.