ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നു വരുൺ ഗാന്ധി
ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയം  അവസാനിപ്പിക്കാമെന്നു വരുൺ ഗാന്ധി
Friday, October 21, 2016 1:20 PM IST
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ രഹസ്യങ്ങൾ ആയുധ ദല്ലാളിനു കൈമാറിയെന്ന ആരോപണത്തിൽ പാർട്ടി എംപിയും കേന്ദ്രമന്ത്രി മനക ഗാന്ധിയുടെ പുത്രനുമായ വരുൺ ഗാന്ധിയെ കാര്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നു ബിജെപി. അതിനിടെ, തനിക്കെതിരായ ആരോപണങ്ങൾ ഒരു ശതമാനമെങ്കിലും സത്യമെന്ന് തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നു വരുൺ ഗാന്ധിയും വ്യക്‌തമാക്കി.

പ്രതിരോധ രഹസ്യങ്ങൾ ആയുധനിർമാതാക്കൾക്കും ഇടനിലക്കാരനായ അഭിഷേക് വർമയ്ക്കും വരുൺ ഗാന്ധി ചോർത്തിക്കൊടുത്തുവെന്ന് സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമാണ് ആരോപണമുന്നയിച്ചത്. വർമയെ തനിക്ക് അറിയാമെന്നു പറഞ്ഞ വരുൺ, പ്രതിരോധ രഹസ്യങ്ങൾ ചോർത്തിനൽകിയിട്ടില്ലെന്നു വ്യക്‌തമാക്കി. 2002ൽ ലണ്ടനിൽവച്ച് അഭിഷേകിനെ കണ്ടിരുന്നു. എന്നാൽ, അക്കാലത്ത് താൻ പൊതുപ്രവർത്തനരംഗത്ത് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവിനുമെതിരേ മാനനഷ്‌ടക്കേസ് റജിസ്റ്റർ ചെയ്യുമെന്നും വരുൺ കൂട്ടിച്ചേർത്തു.

ചാരവനിതകളെ ഉപയോഗിച്ച് വരുൺ ഗാന്ധിയിൽനിന്ന് അഭിഷേക് വർമ വിവരങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, 2004നുശേഷം അഭിഷേകിനെ താൻ കണ്ടിട്ടില്ലെന്നും തന്നെ ഭീഷണിപ്പെടുത്തി വിവരങ്ങൾ ചോർത്തിയെന്നത് സത്യവിരുദ്ധമാണെന്നും വരുൺ പറഞ്ഞു.


2006ൽ നാവികസേനയുടെ വിവരങ്ങൾ ചോർത്തിയ കേസിൽ വിചാരണ നേരിടുകയാണ് അഭിഷേക്. 2002വരെ അഭിഷേകിന്റെ ബിസിനസ് പങ്കാളിയായിരുന്ന ന്യൂയോർക്കുകാരനായ എഡ്മണ്ട് അലൻ വിരങ്ങൾ ചോർന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനയച്ച കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, വരുൺ ഗാന്ധിക്കെതിരേ ഉയർന്ന ആരോപണങ്ങളെക്കുറിച്ചു ബിജെപി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നാണ് പാർട്ടി വക്‌താക്കൾക്കു നൽകിയ നിർദേശമെന്നാണു റിപ്പോർട്ടുകൾ. വിഷയത്തിൽ പ്രതികരിക്കാൻ സിബിഐ ഡയറക്ടറും തയാറായില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും പാർട്ടി വക്‌താക്കൾ വരുണിനെ അനുകൂലിച്ച് സംസാരിക്കേണ്ടതില്ലെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. കാര്യങ്ങൾക്ക് വ്യക്‌തത വരുന്നതുവരെ വരുണിനെ പിന്തുണയ്ക്കേണ്ടെന്നാണ് ബിജെപി നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.