ജെഎൻയു വിദ്യാർഥിയുടെ തിരോധാനം: വിദ്യാർഥി മാർച്ചിനു നേരേ പോലീസിന്റെ ബലപ്രയോഗം
ജെഎൻയു വിദ്യാർഥിയുടെ തിരോധാനം: വിദ്യാർഥി മാർച്ചിനു നേരേ പോലീസിന്റെ ബലപ്രയോഗം
Friday, October 21, 2016 1:20 PM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിയെ കാണാതായതിനെക്കുറിച്ച് ഒരാഴ്ചയ്ക്കുശേഷവും വിവരമില്ല. നജീബ് അഹമ്മദിന്റെ തിരോധാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ സർവകലാശാലാ വിദ്യാർഥികൾ ആഭ്യന്തര മന്ത്രാലയത്തിലേക്കു നടത്തിയ മാർച്ച് പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞു.

മാർച്ച് ജന്തർമന്തറിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ വാഹനം വഴിതിരിച്ചുവിട്ട പോലീസ് അവിടെ തീർത്ത ബാരിക്കേഡുകൾ വിദ്യാർഥികൾ മറികടന്നതോടെ ലാത്തിചാർജ് നടത്തുകയായിരുന്നു. പിന്നീട് നജീബിെൻറ അമ്മാവൻ ഉൾപ്പെടെ സംഘത്തെ മുഴുവൻ റെയിൽ ഭവനു മുന്നിൽവച്ചു തന്നെ പിടികൂടി പാർലമെന്റ് ഹൗസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാർഥിനികളെപ്പോലും പോലീസ് കൈയേറ്റം ചെയ്തതായി വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡൻറ് ഷെഹ്ല റാഷിദ് കുറ്റപ്പെടുത്തി.

പോലീസ് സ്റ്റേഷനിലും മുദ്രാവാക്യം വിളിയും പ്രതിഷേധവും തുടർന്നതോടെ വിദ്യാർഥികളുടെ ഭാഗം കേൾക്കാൻ തയാറാണെന്ന് അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. പിന്നീട് നജീബിെൻറ ബന്ധുവും വിദ്യാർഥി നേതാക്കളും നിവേദനം നൽകി അന്വേഷണത്തിലെ അതൃപ്തി വ്യക്‌തമാക്കി.

നജീബ് വിഷയത്തിൽ ജെഎൻയു അധികൃതർ പുലർത്തുന്ന അലംഭാവത്തിനെതിരേ മറ്റു സർവകലാശാലകളിലേക്കും പ്രതിഷേധം വ്യാപിക്കുന്നുണ്ട്. വെള്ളിയാഴ്ച ജെഎൻയു വിദ്യാർഥി യൂണിയൻ ആഹ്വാനം ചെയ്ത മാർച്ചിൽ ഡൽഹി സർവകലാശാലയിലെയും ജാമിയ മിലിയയിലെയും വിദ്യാർഥികളും പങ്കുചേർന്നു. അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഇന്നലെ നടന്ന റാലിയിലും വിദ്യാർഥിനികളുൾപ്പെടെ നൂറുകണക്കിനു പേരാണ് അണിനിരന്നത്.


അതിനിടെ നജീബിനെ ഇടതു വിദ്യാർഥി സംഘടനകൾ കാമ്പസിനുള്ളിൽ തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തി. നജീബിനെ കാണാതായതിനെ തുടർന്നുള്ള പ്രക്ഷോഭങ്ങൾക്കിടെ തനിക്കു വധഭീഷണി ലഭിച്ചതായി ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ സെക്രട്ടറിയും എബിവിപി പ്രവർത്തകനുമായ സൗരഭ് ശർമ പറയുന്നു. ഒരു മുസ്ലിം ആൺകുട്ടിയെ തൊടാൻ എങ്ങനെ ധൈര്യം വന്നെന്നും വെട്ടി നുറുക്കുമെന്നും ഭീഷണിപ്പെടുത്തുന്ന കത്ത് തന്റെ ഹോസ്റ്റൽ മുറിയിൽനിന്നും ലഭിച്ചെന്നാണ് ഇയാൾ പറയുന്നത്.

നജീബിനെ കാണാതായ സംഭവത്തെ ഇടതുസംഘടനകൾ വർഗീയ നിറം നൽകി ഒരു സംഭവമാക്കി മാറ്റുകയാണെന്നാണ് എബിവിപി നേതാവിന്റെ ആരോപണം.

മുഖ്യധാരയിൽ നിറഞ്ഞുനിൽക്കാൻ നജീബിന്റെ തിരോധനാനത്തെ ഇടതു സംഘടനകൾ രാഷ്ട്രീയവത്കരിക്കുകയാണെന്നും സൗരഭ് ശർമ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.