തെരുവുനായ്ക്കൾക്കെതിരേ യുദ്ധകാലാടിസ്‌ഥാനത്തിൽ നടപടി വേണമെന്നു ജസ്റ്റീസ് സിരിജഗൻ
തെരുവുനായ്ക്കൾക്കെതിരേ യുദ്ധകാലാടിസ്‌ഥാനത്തിൽ നടപടി വേണമെന്നു ജസ്റ്റീസ് സിരിജഗൻ
Thursday, October 20, 2016 12:40 PM IST
ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ്ക്കളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ സമിതി. സംസ്‌ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുകയാണെന്നും ഗണ്യമായ കുറവ് വരുത്തിയില്ലെങ്കിൽ ഭയചകിതരായ ജനങ്ങൾ നിയമം കൈയിലെടുക്കുന്ന അവസ്‌ഥയുണ്ടാകുമെന്നും സമിതി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇതിനു നായ്ക്കളെ വന്ധ്യംകരിക്കുന്നത് (എബിസി) പരിഹാരമല്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

2001 വരെ സംസ്‌ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമായിരുന്നു. എന്നാൽ, മൃഗജനന നിയന്ത്രണ ചട്ടം നിലവിൽ വന്നതോടെ നായ്ക്കളെ കൊല്ലുന്നതു തദ്ദേശ സ്‌ഥാപനങ്ങൾ നിറുത്തി. തെരുവ് നായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ജനന നിയന്ത്രണം അടിയന്തര പരിഹാര മാർഗമല്ല. ഈ രീതിയാണ് അവലംബിക്കുന്നതെങ്കിൽ പ്രശ്നത്തിനു പരിഹാരം കാണാൻ കുറഞ്ഞതു നാല് വർഷമെങ്കിലുമെടുക്കും. തെരുവുനായ്ക്കളിൽ നിന്നുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാൻ പര്യാപ്തമായ നടപടികളില്ല. ആക്രമണകാരികളായ നായ്ക്കൾക്ക് ഇരയാകുന്നത് സ്ത്രീകളും കുട്ടികളുമാണ്.


നായ്ക്കളെ വന്ധ്യംകരിച്ച് തിരിച്ചുവിട്ടാൽ അപകടകരമായ സ്‌ഥിതിവിശേഷമുണ്ടാകും. 70 ശതമാനം നായ്ക്കളെ എങ്കിലും വന്ധ്യംകരിച്ചാലേ എണ്ണം കുറയ്ക്കാനാകൂ. തെരുവിൽ വലിച്ചെറിയുന്നതും കശാപ്പുശാലകൾ പുറന്തള്ളുന്നതുമായ മാലിന്യമാണു തെരുവുനായ്ക്കൾക്ക് ഭക്ഷണമാകുന്നത്.

സുപ്രീംകോടതി നിയോഗിച്ച സമിതിക്കു പ്രവർത്തിക്കാൻ ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ നൽകിയെന്നു സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവും റിപ്പോർട്ടിലുണ്ട്. തപാൽ അയയ്ക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾ സ്വന്തം പോക്കറ്റിൽ നിന്നാണ് വഹിക്കുന്നത്. ചെയർമാൻ എന്ന നിലയിൽ ലഭിക്കേണ്ട ഓണറേറിയം പതിവായി ലഭിക്കാറില്ല. 2001 മുതൽ ഓരോ വർഷവും തെരുവുനായ്ക്കളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന പരിശോധിക്കാൻ സമിതി ശ്രമിച്ചെങ്കിലും സർക്കാർ കണക്ക് നൽകിയില്ലെന്നും ജസ്റ്റീസ് സിരിജഗൻ കുറ്റപ്പെടുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.