രാഷ്ട്രീയ പ്രവർത്തനങ്ങളെ മതങ്ങളിൽനിന്നു മാറ്റിനിർത്തണമെന്നു സുപ്രീംകോടതി
രാഷ്ട്രീയ പ്രവർത്തനങ്ങളെ മതങ്ങളിൽനിന്നു മാറ്റിനിർത്തണമെന്നു സുപ്രീംകോടതി
Thursday, October 20, 2016 12:40 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് എന്നതു മതനിരപേക്ഷ പ്രക്രിയയാണെന്നും രാഷ്ട്രീയ പ്രവർത്തനത്തെ മതങ്ങളിൽ നിന്നു മാറ്റിനിർത്തണമെന്നും സുപ്രീംകോടതി. നമ്മുടെ ധാർമിക ചിന്താഗതികളുടെ അടിസ്‌ഥാനം മതനിരപേക്ഷതയുമായി ബന്ധപ്പെട്ടതാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ മതങ്ങളെ വോട്ടെടുപ്പ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനാകുമോയെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഹിന്ദുത്വം ഉപയോഗിക്കുന്നതിനെതിരേയുള്ള ഹർജിയിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.

ഹിന്ദുത്വ വികാരം ഉയർത്തി വോട്ടുതേടിയതിനെ അംഗീകരിച്ചുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ വാദം തുടങ്ങിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 123 (മൂന്ന്) പ്രകാരം വോട്ട് തേടുന്നതിൽ മതങ്ങളെ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരുന്നത്. 1994ലെ മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ഹിന്ദുത്വവാദം ഉയർത്തിയെന്ന വാദമുണ്ടായതോടെ ഇടപെട്ട കോടതി, ഇതു നിയമപരമായി അനുവദിക്കാനാകുമോ എന്ന ചോദ്യം ഉന്നയിക്കുകയായിരുന്നു. സ്‌ഥാനാർഥി ജൈന മതവിശ്വാസിയായതിനാൽ മതത്തിനു വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്നു കോടതി ചോദിച്ചു.

എന്നാൽ, പാർട്ടി പ്രവർത്തകർ മതത്തിന്റെ പേരിൽ പ്രചാരണം നടത്തിയാൽ അതിന്റെ പേരിൽ സ്‌ഥാനാർഥി കുറ്റക്കാരാകില്ല എന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. ഇതു കോടതി കണക്കിലെടുത്തില്ല. ജൈന മതക്കാരനായ സ്‌ഥാനാർഥിക്കു വേണ്ടി ഹിന്ദുത്വത്തിന്റെയും രാമക്ഷേത്രത്തിന്റെയും പേരിൽ വോട്ടുവാങ്ങിയത് മതത്തിന്റെ പേരിലുള്ള വോട്ടുപിടിത്തമാണെന്നും സുപ്രീംകോടതി വ്യക്‌തമാക്കി. ജൈന മതവിശ്വാസിയാണെങ്കിലും രാമക്ഷേത്രമുണ്ടാക്കാൻ സഹായിക്കുമെന്ന് സ്‌ഥാനാർഥിക്കു വേണ്ടി ചിലർ ആഹ്വാനം ചെയ്യുന്നു. ഈ ആഹ്വാനം സ്‌ഥാനാർഥിയുടെ പേരിലല്ല, മതത്തിന്റെ പേരിലാണ്. മതത്തെ രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് വേർപെടുത്തണം. മതവാദങ്ങളെ എങ്ങനെയാണ് മതനിരപേക്ഷതയുടെ തത്വത്തിൽ ഉൾപ്പെടുത്തുക എന്ന ചോദ്യവും കോടതി ഉയർത്തി. ഇതിനു മതങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിന്നു ഒഴിവാക്കുന്നതിനു നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും അതു പാർലമെന്റിന്റെ അധികാരമാണെന്നും വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.


മതത്തിന്റെ പേരിൽ പാർട്ടിയോ പ്രവർത്തകരോ സ്‌ഥാനാർഥിയോ പ്രചാരണം നടത്തുകയോ വോട്ട് തേടുകയോ ചെയ്യുന്നതു നിയമ വിരുദ്ധമാണോ എന്നു പരിശോധിക്കുമെന്ന് വ്യക്‌തമാക്കിയ കോടതി, ഇതിനു പാർലമെന്റിനു ആവശ്യത്തിൽ കൂടുതൽ സമയം ലഭിച്ചതാണെന്നും അറിയിച്ചു. രാമക്ഷേത്ര നിർമ്മാണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയതു പരിശോധിക്കണമെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹിന്ദുത്വ വികാരം വോട്ട് തേടുന്നതിന് ഉപയോഗിക്കുന്നെന്ന പരാതികൾ ഉയർന്നിട്ട് 20ൽ കൂടുതൽ വർഷങ്ങളായതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ്, തർക്കങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണെന്നും പറഞ്ഞു. വർഷങ്ങളായിട്ടും ലൈംഗിക പീഡനത്തിനെതിരേ ഒന്നും ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം വാക്കാൽ കൂട്ടിച്ചേർത്തു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.