പാക് താരം അഭിനയിച്ച ചിത്രത്തിനു സംരക്ഷണം നൽകുമെന്ന് രാജ്നാഥ് സിംഗ്
പാക് താരം അഭിനയിച്ച ചിത്രത്തിനു സംരക്ഷണം നൽകുമെന്ന് രാജ്നാഥ് സിംഗ്
Thursday, October 20, 2016 12:40 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാൻ താരം ഫവാദ് ഖാൻ അഭിനയിച്ച കരൺ ജോഹർ ചിത്രം ആയെ ദിൽ ഹേ മുശ്കിലിന്റെ പ്രദർശനത്തിന് എല്ലാവിധ സുരക്ഷയും നൽകുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. മഹാരാഷ്ട്ര നവനിർമാൺ സേന പാക് താരം അഭിനയിച്ച ചിത്രത്തിന്റെ റിലീസ് തടയുമെന്നു ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നലെ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് മുകേഷ് ഭട്ട് രാജ്നാഥുമായി കൂടിക്കാഴ്ച നടത്തി. ചിത്രത്തിന്റെ റിലീസിന് എല്ലാ വിധ സുരക്ഷയും നൽകുമെന്ന് രാജ്നാഥ് ഉറപ്പു നൽകി. ഈ മാസം 28നാണു ചിത്രത്തിന്റെ റിലീസ്. ചലച്ചിത്ര പിന്നണി ഗായകനും കേന്ദ്ര സഹമന്ത്രിയുമായ ബബുൽ സുപ്രിയോയുമൊത്താണ് മഹേഷ് ഭട്ട് ആഭ്യന്തര മന്ത്രിയെ കണ്ടത്. ധർമ പ്രൊഡക്ഷന്റെ അപൂർവ മേത്തയുമുണ്ടായിരുന്നു. ചിത്രത്തിന്റെ റീലിസിംഗ് തിരക്കുകളിലായതിനാൽ കരൺ ജോഹർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല.


ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ഐശ്വര്യ റായ്, അനുഷ്ക ശർമ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ പാക്കിസ്‌ഥാൻ താരത്തിന്റെ സാന്നിധ്യത്തിൽ പ്രതിഷേധിച്ചാണ് മഹാരാഷ്ര്‌ട നവനിർമാൺ സേന പ്രദർശനം തടയുമെന്ന് ഭീഷണി മുഴക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ തന്റെ ചിത്രങ്ങളിൽ മേലിൽ പാക്കിസ്‌ഥാനിൽ നിന്നുള്ള താരങ്ങളെ ഉൾപ്പെടുത്തില്ലെന്നു വ്യക്‌തമാക്കി കരൺ ജോഹർ രംഗത്തെത്തിയിരുന്നു. തങ്ങൾ കലാരംഗത്തു പ്രവർത്തിക്കുന്നവരാണെന്നും കലാകാരൻമാർ പാക്കിസ്‌ഥാനിൽ നിന്നോ ചൈനയിൽ നിന്നോ ആഫ്രിക്കയിൽ നിന്നോ ഉള്ളവരാണെന്ന കാര്യം തങ്ങളെ ആശങ്കപ്പെടുത്തുന്നതല്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മഹേഷ് ഭട്ട് മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.