സൗമ്യ കേസ്: ജസ്റ്റീസ് കട്ജുവുമായി സന്ധ്യയും വിചാരണക്കോടതി ജഡ്ജിയും കൂടിക്കാഴ്ച നടത്തി
സൗമ്യ കേസ്: ജസ്റ്റീസ് കട്ജുവുമായി സന്ധ്യയും വിചാരണക്കോടതി ജഡ്ജിയും കൂടിക്കാഴ്ച നടത്തി
Wednesday, October 19, 2016 12:20 PM IST
ന്യൂഡൽഹി: സൗമ്യ കേസിൽ സുപ്രീംകോടതി നിലപാടുകളെ പരസ്യമായി വിമർശിച്ച ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവുമായി എഡിജിപി ബി. സന്ധ്യയും കേസിലെ വിചാരണക്കോടതി ജഡ്ജിയായിരുന്ന കെ. രവീന്ദ്ര ബാബുവും കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ വിമർശിച്ചുകൊണ്ടുള്ള ജസ്റ്റീസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹർജിയായി പരിഗണിച്ച് കട്ജുവിനോട് കോടതിയിൽ ഹാജരായി വാദഗതികൾ ഉന്നയിക്കാൻ നോട്ടീസയച്ച ദിവസമാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. അതേസമയം, കൂടിക്കാഴ്ച നടന്നതിനെക്കുറിച്ച് അറിയില്ലെന്നു സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ നിഷ രാജൻ ശങ്കർ പറഞ്ഞു.

സൗമ്യ വധക്കേസ് സംബന്ധിച്ചു തന്നെയായിരുന്നു കൂടിക്കാഴ്ചയെങ്കിലും സംസ്‌ഥാന സർക്കാർ ഔദ്യോഗികമായി സമീപിക്കുകയാണെങ്കിൽ നിയമോപദേശം നൽകാമെന്ന നിലപാടായിരുന്നു കട്ജുവിന്റേതെന്നാണ് വിവരം. കേസിൽ വിധി പറഞ്ഞ വിചാരണക്കോടതി ജഡ്ജി കെ. രവീന്ദ്ര ബാബു ഈ വിഷയത്തിൽ ജസ്റ്റീസ് കട്ജുവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഏറെ വിമർശനങ്ങളും അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്ന സമയത്ത് ഇദ്ദേഹം സുപ്രീംകോടതിയിൽ ഉണ്ടായിരുന്നതു സംബന്ധിച്ചും ചോദ്യങ്ങളുയർന്നിട്ടുണ്ട്.


കേസിൽ സുപ്രീംകോടതി വിധിയെ നിശിതമായി വിമർശിച്ച കട്ജുവിന്റെ നിയമോപദേശം തേടി എഡിജിപിയും വിചാരണക്കോടതി ജഡ്ജിയും എത്തിയത് കൂടുതൽ വിവാദങ്ങൾക്കു വഴിവയ്ക്കും. കേസിൽ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയെയാണ് ജസ്റ്റീസ് കട്ജു ഫേസ്ബുക്കിൽ രൂക്ഷമായി വിമർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.