ഫാ. തോമസ് തെന്നാട്ട് ഗ്വാളിയർ രൂപത ബിഷപ്
ഫാ. തോമസ് തെന്നാട്ട് ഗ്വാളിയർ രൂപത ബിഷപ്
Wednesday, October 19, 2016 12:20 PM IST
ഗ്വാളിയർ: പള്ളോട്ടൈൻ സഭാംഗ മായ ഫാ.തോമസ് തെന്നാട്ട് എസ് എസിയെ മധ്യപ്രദേശിലെ ഗ്വാളിയർ രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കോട്ടയം അതിരൂപതയിലെ ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ഇടവക തെന്നാട്ട് കുരുവിള–അന്നമ്മ ദമ്പതികളുടെ മകനായ ഫാ. തോമസ് തെന്നാട്ട് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റ് അംഗമാണ.് നാഗ്പുരിലെ മൻകാപുർ സെന്റ്പയസ് ചർച്ച് വികാരിയും പാസ്റ്ററൽ കമ്മീഷൻ പ്രസിഡന്റുമായി പ്രവർത്തിച്ചുവരികയായിരുന്നു.

ഇതാദ്യമായാണ് ഒരു പള്ളോ ട്ടൈൻ സഭാംഗം മെത്രാനാകുന്നത്. 1969ൽ പള്ളോട്ടൈൻ സന്യാസ സഭയിൽ ചേർന്ന ഇദ്ദേഹം 1978 ഒക്ടോബർ 21ന് പൗരോഹിത്യം സ്വീകരിച്ചു.1980 വരെ അമരാവതി രൂപതയിലും 1981 വരെ എലൂർ രൂപതയിലും ചാപ്ളെയിനായി പ്രവർത്തിച്ചു. തുടർന്ന് പൂന സെമിനാരിയിൽനിന്നു തിയോളജിയിൽ ലൈസൻഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്ഫോർട്ട് സെന്റ് ആന്റണീസ്, ഇൻഡോർ രൂപതയിലെ പുഷ്പനഗർ പള്ളികളിൽ അജപാലനശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. 1987 മുതൽ 1991 വരെ യംഗ് കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ്(വൈസിഎം/വൈസിഎസ്) ഡയറക്ടർ, ഹൈദരാബാദ് രൂപതയിലെ കുടുംബങ്ങൾക്കും അല്മായർക്കുമായുള്ള കമ്മീഷൻ ഡയറക്ടർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലെ ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ(സി.ആർ. ഐ) യുടെ മുൻ പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.


1999ൽ സ്‌ഥാപിച്ച ഗ്വാളിയർ രൂപത ഭോപ്പാൽ അതിരൂപതയുടെ കീഴിലാണ്. പള്ളോട്ടൈൻ സഭയുടെ ആസ്‌ഥാനത്ത് നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയാണു നിയമനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഗ്വാളിയർ രൂപത ആസ്‌ഥാനത്തും വത്തിക്കാനിലും പ്രഖ്യാപനം നടത്തി. ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി എന്നിവർ സഹോദരങ്ങളാണ്. മെത്രാഭിഷേക തീയതി പിന്നീട് അറിയിക്കും. കോട്ടയം അതിരൂപതയിൽനിന്നുള്ള അഞ്ചാമത്തെ മിഷനറി മെത്രാനാണു നിയുക്‌ത മെത്രാനായ ഫാ. തോമസ് തെന്നാട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.