നിയന്ത്രണരേഖ മറികടന്നു മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നു വിദേശകാര്യ സെക്രട്ടറി
നിയന്ത്രണരേഖ മറികടന്നു മുമ്പും ആക്രമണം  നടത്തിയിട്ടുണ്ടെന്നു വിദേശകാര്യ സെക്രട്ടറി
Wednesday, October 19, 2016 12:20 PM IST
ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ടെന്നു വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ. എന്നാൽ, ഇത്തരം ആക്രമണങ്ങളെക്കുറിച്ചു സർക്കാർ തുറന്നുപറയുന്നത് ഇതാദ്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിക്കു മുന്നിൽ ജയശങ്കർ വ്യക്‌തമാക്കിയത്.

കോൺഗ്രസ് എംപി ശശി തരൂർ ചെയർമാനായ സമിതിക്കു മുന്നിലാണ് മിന്നലാക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ജയശങ്കർ മറുപടി നൽകിയത്. ഇന്ത്യ ആദ്യമായിട്ടാണോ മിന്നലാക്രമണം നടത്തുന്നതെന്നു കോൺഗ്രസ് അംഗം സത്യവ്രത് ചതുർവേദിയാണ് ചോദിച്ചത്. ഇതിനു മറുപടിയായിട്ടാണ് മുമ്പും ഇത്തരം ആക്രമണം നടത്തിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞത്. എന്നാൽ, മിന്നലാക്രമണം എന്ന പദമല്ല ഇതേക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിച്ചത്. പ്രത്യേക ലക്ഷ്യമിട്ട് നിയന്ത്രിതമായ ഭീകരവിരുദ്ധ ആക്രമണങ്ങൾ ഇതിനു മുമ്പും നടത്തിയിട്ടുണ്ടെന്നും ഈ വിവരം ഒരിക്കലും പുറത്തുവിട്ടിട്ടില്ലെന്നുമാണ് ജയശങ്കർ അറിയിച്ചത്.


ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് തെളിവുണ്ടോയെന്നു സമിതിയിലെ ഒരംഗം ചോദിച്ചു. പ്രത്യേക സുരക്ഷാ സേന നിയന്ത്രണരേഖ മറികടന്നത് ആക്രമണം നടത്താനാണെന്നും തെളിവുകൾ ശേഖരിക്കാനല്ലെന്നുമായിരുന്നു ജയശങ്കറിന്റെ മറുപടി. ഇത്തരം ആക്രമണങ്ങൾ ഭാവിയിലും നടത്തുമോയെന്നു മറ്റൊരു കോൺഗ്രസ് അംഗം ചോദിച്ചു. മിന്നലാക്രമണം ഉദ്ദേശിച്ച ലക്ഷ്യം നേടിയെന്നും ഭാവിയിലും ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് പാക്കിസ്‌ഥാനുള്ള താക്കീതാണിതെന്നും ജയശങ്കർ മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.