ഗാർഹിക പീഡനം: ദേശീയ കബഡി താരത്തിന്റെ ഭാര്യ ജീവനൊടുക്കി
Wednesday, October 19, 2016 12:11 PM IST
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ദേശീയ കബഡി താരം രോഹിത് ചില്ലാറിന്റെ ഭാര്യ ലളിത (27) ആത്മഹത്യ ചെയ്തു. നേവി ഉദ്യോഗസ്‌ഥനായ രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ലളിത ജീവനൊടുക്കിയത്. ആത്മഹത്യക്കു തൊട്ടുമുമ്പായി, താൻ നേരിട്ട പീഡനങ്ങൾ വിവരിച്ച് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ചിരുന്നു.

മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണു താൻ ആത്മഹത്യ ചെയ്യുന്നതെന്നു വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരു ബുൾസിലെ കളിക്കാരനാണ് രോഹിത്. ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ആഴ്ച രോഹിത് ലളിതയോട് വീടുവിട്ടുപോകാൻ ആവശ്യപ്പെട്ടുവെന്നും അതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നും കുറിപ്പിൽ പറയുന്നുണ്ട്.


വിവാഹബന്ധം വേർപ്പെടുത്താൻ രോഹിത് നിർബന്ധിച്ചിരുന്നു. താൻ വിട്ടുപോയാൽ മാത്രമേ സന്തോഷം ലഭിക്കുവെന്ന് ഭർത്താവ് പറഞ്ഞു. അതിനാലാണ് ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുത്തതെന്ന് ആത്മഹത്യാ കുറിപ്പിലുള്ളതായി മുതിർന്ന പോലീസ് ഓഫിസർ വിജയ് കുമാർ പറഞ്ഞു. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നുണ്ട്. മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള ലളിതയുടെ വിശദീകരമാണ് വീഡിയോയിലുള്ളതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് ലളിതയെ രോഹിത് വിവാഹം ചെയ്തത്. ലളിതയുടെ രണ്ടാം വിവാഹമായിരുന്നു. ലളിതയുടെ ആത്മഹത്യക്കുശേഷം രോഹിതിന്റെ മാതാപിതാക്കളെ കാണാനില്ലെന്ന പരാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.