ജിഎസ്ടിക്കു നാലു നിരക്ക്
ജിഎസ്ടിക്കു നാലു നിരക്ക്
Tuesday, October 18, 2016 12:35 PM IST
ന്യൂഡൽഹി: ചരക്കു സേവനനികുതി (ജിഎസ്ടി) വരുമ്പോൾ ഭക്ഷ്യവസ്തുക്കൾ നികുതിവിമുക്‌തമാക്കും. മറ്റു സാധനങ്ങൾ നാലു സ്ലാബുകളായി തിരിച്ചു നികുതി നിശ്ചയിക്കും. സാധാരണ നികുതി നിരക്ക് 18 ശതമാനമാക്കാം എന്നാണു കേന്ദ്രനിർദേശം.

ഇന്നലെ ആരംഭിച്ച ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം സമർപ്പിച്ച നിർദേശത്തിലെ പ്രധാന ഭാഗമാണിത്. സംസ്‌ഥാന ധനമന്ത്രിമാരും കേന്ദ്ര ധനമന്ത്രിയും ഉൾപ്പെട്ട ഈ കൗൺസിലാണു ജിഎസ്ടി കാര്യത്തിലെ പരമോന്നത സമിതി. യോഗം നാളെ സമാപിക്കും.

സംസ്‌ഥാനങ്ങൾക്കു നല്കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് ഇന്നലെ സമവായമുണ്ടായി എന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റലി പറഞ്ഞു. 2015–16 വർഷം അടിസ്‌ഥാനവർഷമായി കണക്കാക്കിയാകും നഷ്ടപരിഹാരം. ആ വർഷത്തെ വരുമാനം കണക്കാക്കുന്നതു കേരളമടക്കം ഒട്ടുമിക്ക സംസ്‌ഥാനങ്ങൾക്കും നഷ്ടമാകുമെന്നു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ കേന്ദ്രനിർദേശത്തിനു ഭൂരിപക്ഷ പിന്തുണകിട്ടി.

പ്രതിവർഷം 14 ശതമാനം വളർച്ച കണക്കാക്കിയിട്ടാണു നഷ്ടപരിഹാരം നിശ്ചയിക്കുക. 2017–18ൽ 2015–16നെ അപേക്ഷിച്ച് രണ്ടുവർഷത്തെ വർധന കണക്കു കൂട്ടി 129.96 ശതമാനം തുക ജിഎസ്ടി വഴി കിട്ടിയില്ലെങ്കിൽ കുറവുള്ള തുക കേന്ദ്രം നല്കും. ഇങ്ങനെ അഞ്ചു വർഷമാണു നഷ്ടപരിഹാരം നല്കുക.

ജിഎസ്ടി നിരക്കുകൾ ആറു ശതമാനം, 12 ശതമാനം, 18 ശതമാനം, 26 ശതമാനം എന്നിങ്ങനെയാണു കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. യഥാർഥത്തിൽ ഇത് ആറു സ്ലാബുള്ള നികുതി ഘടനയാണ്. ഭക്ഷ്യവസ്തുക്കൾ നികുതി വിമുക്‌തം ആക്കിയിരിക്കുന്നു. ഇതു പൂജ്യം നികുതി എന്നു കണക്കാക്കാം. സ്വർണത്തിനു നാലു ശതമാനമാണ് നികുതി നിർദേശിച്ചിരിക്കുന്നത്. അത് ഉൾപ്പെടുത്തുമ്പോൾ ആറു സ്ലാബ് ആകും.

കുറഞ്ഞ നിരക്കായ ആറ്, നിത്യോപയോഗ സാധനങ്ങൾക്കാണ്. പന്ത്രണ്ടും പതിനെട്ടും ശതമാനം നികുതിയിലാകും ഭൂരിപക്ഷം സാധനങ്ങളും സേവനങ്ങളും പെടുക. സാധാരണക്കാർക്കു കൂടുതൽ ആവശ്യമുള്ളതെന്നു കണക്കാക്കുന്നവ 12 ശതമാനം വിഭാഗത്തിൽവരും. മറ്റു സാമഗ്രികളും സേവനങ്ങളും 18 ശതമാനം സ്ലാബിൽ.


ആഡംബര വസ്തുക്കളും സമ്പന്നർ കൂടുതലായി ഉപയോഗിക്കുന്നവയും 26 ശതമാനം എന്ന ഉയർന്ന വിഭാഗത്തിൽ വരും. ഇതിനുപുറമേ മലിനീകരണത്തിനു കാരണമായവയും അത്യാഡംബര ഇനങ്ങളും അധിക സെസ് നല്കേണ്ടിവരും. ആഡംബര സാധനങ്ങൾ, പുകയില, സിഗററ്റ്, കോള പാനീയങ്ങൾ, മലിനീകരണം ഉണ്ടാക്കുന്ന സാധനങ്ങൾ തുടങ്ങിയവയൊക്കെ ഇങ്ങനെ ഉയർന്ന സെസ് നൽകേണ്ടവയാകും.

ആഡംബര, അനാവശ്യ വസ്തുക്കൾക്കു ചുമത്തുന്ന സെസ് പൊതുനിധിയിലേക്കു പോകില്ല. പകരം അതുപയോഗിച്ചു സംസ്‌ഥാനങ്ങൾക്കു നഷ്ടപരിഹാരം നല്കും. അൻപതിനായിരം കോടി രൂപ സെസ് വഴി കിട്ടുമെന്നാണു പ്രതീക്ഷ. സോപ്പ് തുടങ്ങിയുള്ള ഉപഭോക്‌തൃ സാധനങ്ങൾക്കും ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ എന്നിവയ്ക്കും 26 ശതമാനമാകും ജിഎസ്ടി എന്നു കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു. ഇപ്പോൾ പ്രായോഗികമായി 31 ശതമാനം നികുതിയുള്ളത് 26 ശതമാനമായി കുറയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനങ്ങൾക്കു മൂന്നു സ്ലാബ്

സേവനങ്ങളുടെ നികുതി മൂന്നു സ്ലാബുകളിലാകും. ആറ്, 12, 18 ശതമാനങ്ങളിൽ. ഇപ്പോൾ എല്ലാ സേവനങ്ങൾക്കും 15 ശതമാനമാണ്. ഇനി കുറേ സേവനങ്ങൾക്കു നികുതി കുറയും; മറ്റുള്ളവയ്ക്കു വർധിക്കും. സേവനങ്ങളുടെ കാര്യത്തിൽ ഇതുവരെ കേന്ദ്രത്തിനു മാത്രം ഒറ്റ ഘട്ടമായി നികുതി നല്കിയാൽ മതിയായിരുന്നു.

ഇനി പലഘട്ടമായി കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും നികുതി നല്കണം. അപ്പോൾ പ്രായോഗിക നികുതി വർധിക്കാതിരിക്കാനാണ് ആറ് ശതമാനം, 12 ശതമാനം എന്നീ സ്ലാബുകൾ ഉണ്ടാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.