ബന്ധുനിയമനം: പിണറായിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നു സുധീരൻ
ബന്ധുനിയമനം: പിണറായിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നു സുധീരൻ
Tuesday, October 18, 2016 12:34 PM IST
ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ പങ്കു കൃത്യവും സമഗ്രവുമായി അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.

ഭീകരതയെ എതിർക്കുന്ന ബിജെപിയും സിപിഎമ്മും ഭീകരരെ കടത്തിവെട്ടുന്ന അക്രമപ്രവർത്തനമാണു കേരളത്തിൽ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിക്കാൻ സമയം കണ്ടെത്തുന്ന പിണറായി വിജയൻ എന്തുകൊണ്ടാണു കണ്ണൂരിലെ അക്രമപരമ്പരകൾക്കു പരിഹാരമുണ്ടാക്കാൻ ശ്രമിക്കാത്തതെന്ന് സുധീരൻ ചോദിച്ചു.

ഇന്ദിരാഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ 31–ന് അക്രമരാഷ്ട്രീയത്തിനും വർഗീയതയ്ക്കുമെതിരേ സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പരിപാടികൾ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. തിരുവനന്തപുരത്തു രക്‌തസാക്ഷി മണ്ഡപത്തിലാകും സംസ്‌ഥാനല പരിപാടികൾ. മണ്ഡലം തലത്തിൽ പദയാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനങ്ങൾ നടന്നുവെന്ന് ആരും വിശ്വസിക്കുന്നില്ല. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ വിശ്വസിക്കാൻ കഴിയുന്നതുമല്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണം. ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ജനങ്ങളെ അറിയിക്കണം. ഇതിനായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സർക്കാർ പുറത്തുവിടണം. സത്യം പുറത്തുവിടാൻ സർക്കാർ മടിക്കുന്നത് എന്തിനാണെന്ന് സുധീരൻ ചോദിച്ചു. അഴിമതിക്കെതിരേ വ്യാപകമായ പ്രചാരണങ്ങൾ നടത്തി അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ നാലു മാസത്തിനകം തന്നെ സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ചെളിക്കുണ്ടിൽ വീണു എന്നത് ഇടത് അനുഭാവികളായവർക്കു പോലും ചിന്തിക്കാൻ കഴിയുന്നില്ല. ജനകീയ സമ്മർദ്ദത്തെ തുടർന്നാണു വ്യവസായ മന്ത്രി ഇ.പി. ജയരാജനു രാജിവയ്ക്കേണ്ടിവന്നത്. എന്നാൽ രാജിയോടെ ഈ പ്രശ്നം തീരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.


സിപിഎമ്മും ബിജെപിയും കേരളത്തിലെ ജനങ്ങളുടെ സമാധാന ജീവിതത്തിനു വലിയ വെല്ലുവിളി ഉയർത്തുകയാണെന്നു കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. കേന്ദ്രത്തിലെയും സംസ്‌ഥാനത്തെയും ഭരണകക്ഷികൾ തമ്മിൽ ആളെ കൊല്ലുന്നതിൽ മത്സരിക്കുതയാണ്. യഥാർഥ ഭീകരതയുടെ പ്രതീകമായി രണ്ടു പാർട്ടികളും മാറിക്കൊണ്ടിരിക്കുന്നതാണു ദുരവസ്‌ഥ. വളരെ നിർഭാഗ്യകരമാണിത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ മനുഷ്യത്വമില്ലാതെ കൊലചെയ്യപ്പെടുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.

പോലീസ് സംവിധാനം പരാജയപ്പെട്ടതിന്റെ തെളിവാണു ഡിജിപിയുടെയും കണ്ണൂർ റേഞ്ച് ഐജിയുടെയും കുറ്റസമ്മതം. സമാധാനം പുനഃസ്‌ഥാപിക്കേണ്ട സർക്കാർ സംവിധാനം അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നത്. അക്രമങ്ങൾക്കു തടയിടാൻ ഫലപ്രദമായ ഒരു നടപടിയും ഇതേവരെ സംസ്‌ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. പ്രതിഷേധാർഹമാണിത്. രണ്ടു പാർട്ടികളുടെയും നേതാക്കളുടെ പോർവിളിയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. അക്രമം നടത്തുന്നവരെ തള്ളിപ്പറയാനും അവർക്കു രാഷ്ട്രീയ പരിരക്ഷ നൽകുന്നത് അവസാനിപ്പിക്കാനും ഇരു പാർട്ടികളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.