പാക് പിടിയിലുള്ള സൈനികന്റെ മോചനത്തിന് ഊർജിത ശ്രമം
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: നിയന്ത്രണരേഖ അബദ്ധത്തിൽ മറികടന്നതിനെ തുടർന്നു പാക്കിസ്‌ഥാൻ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യൻ സൈനികന്റെ മോചനത്തിനു വേണ്ടി എല്ലാ ശ്രമങ്ങളും ഊർജിതമായി നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാഷ്ട്രീയ റൈഫിൾസ് 37–ാം ബറ്റാലിയനിലെ ചന്ദു ബാബുലാൽ ചൗഹാൻ (22) ആണ് പിടിയിലായത്.

പിടിയിലായ സൈനികൻ മിന്നലാക്രണത്തിൽ പങ്കെടുത്തിരുന്നില്ല. നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുന്നതിനിടെ അബദ്ധത്തിലാണ് ചന്തു ബാബുലാൽ പാക്കിസ്‌ഥാൻ മേഖലയിലേക്കു കടന്നത്. പാക്കിസ്‌ഥാനിലെ പടിഞ്ഞാറൻ മാൻകോട്ടിലെ ഝൻദ്രൂത്ത് മേഖലയിലെ പാക്കിസ്‌ഥാനി ട്രൂപ്പാണ് സൈനികനെ പിടികൂടിയത്. ചന്ദു ബാബുലാൽ ഇപ്പോൾ നിഖ്യാലിലെ പാക്കിസ്‌ഥാൻ മിലിട്ടറി ഹെഡ് ക്വാർട്ടേഴ്സിലാണെന്നാണു വിവരം.

വ്യാഴാഴ്ച പുലർച്ചെ നടത്തിയ മിന്നലാക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട വാർത്ത അടിസ്‌ഥാനരഹിതമാണെന്നു സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ആക്രമണത്തിൽ ഒരാൾക്കു ചെറിയ പരിക്കു മാത്രമേ സംഭവിച്ചിട്ടുള്ളൂയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.


മിന്നലാക്രമണത്തെത്തുടർന്ന് പാക്കിസ്‌ഥാൻ എട്ട് ഇന്ത്യൻ സൈനികരെ വധിച്ചുവെന്നും ഒരാളെ തടവിലാക്കിയെന്നുമുള്ള അവകാ ശവാദം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യൻ സേന നിഷേധിച്ചിരുന്നു. അതിനിടെ അതിർത്തിയിലെയും നിയന്ത്രണരേഖയിലെയും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ എല്ലാ ദിവസവും ചേരും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മിന്നൽ ആക്രമണത്തിന്റെ വാർത്ത പുറത്തുവിട്ടയുടൻ സമിതി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.

ഇന്നലെ ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള സുരക്ഷാ സേനയുടെ പിക്കറ്റിനു നേർക്ക് ഭീകരാക്രമണം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നു പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഭീകരർ വെടിവയ്പ് നടത്തിയത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.