കാവേരി നദീജല തർക്കം: നീതിന്യായ വ്യവസ്‌ഥയെ കർണാടകം അപമാനിച്ചെന്നു സുപ്രീം കോടതി
കാവേരി നദീജല തർക്കം: നീതിന്യായ വ്യവസ്‌ഥയെ കർണാടകം അപമാനിച്ചെന്നു സുപ്രീം കോടതി
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: കാവേരി നദിയിൽ നിന്നു തമിഴ്നാടിനു വെള്ളം വിട്ടുനൽകണമെന്ന ആവർത്തിച്ചുള്ള ഉത്തരവുകൾ നടപ്പിലാക്കാത്ത കർണാടക സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീം കോടതി ഉത്തരവുകൾക്ക് വിലകൽപിക്കാത്ത കർണാടക രാജ്യത്തെ നീതിന്യായ വ്യവസ്‌ഥയെ അപമാനിച്ചിരിക്കുകയാണ്. കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പ് നൽകിയ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്, ഉത്തരവ് നടപ്പിലാക്കാൻ അവസാന അവസരം നൽകുകയാണെന്നും പറഞ്ഞു.

ആറു ദിവസത്തേക്കു 6000 ക്യുസെക്സ് വെള്ളം വീതം നൽകണം. മൂന്നു ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം. സമിതി സ്‌ഥലം സന്ദർശിച്ച് അടിസ്‌ഥാന പ്രശ്നങ്ങൾ പരിശോധിക്കണമെന്നും ഒക്ടോബർ ആറിനു മുമ്പ് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രണ്ടു സംസ്‌ഥാനങ്ങളും തമ്മിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയതിനുശേഷവും വെള്ളം വിട്ടുകൊടുക്കാനാവില്ലെന്നു കർണാടക വ്യക്‌തമാക്കിയതോടെയാണ് സുപ്രീം കോടതി കടുത്ത വിമർശനം ഉന്നയിച്ചത്.

കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തുകയും നിയമവ്യവസ്‌ഥയുടെ പവിത്രത തകർക്കുകയുമാണ് കർണാടക ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുകൾ പാലിച്ചേ മതിയാകൂ. ഉത്തരവുകൾ നിർബന്ധമായും പാലിപ്പിക്കുന്നതിനുള്ള അധികാരം ഭരണഘടനയുടെ 144–ാം വകുപ്പിൽ വ്യവസ്‌ഥ ചെയ്യുന്നുണ്ടെന്നും അത് പ്രയോഗിക്കാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും ജസ്റ്റീസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ഉത്തരവിലൂടെ മുന്നറിയിപ്പ് നൽകി.


തമിഴ്നാടിനു വെള്ളം നൽകണമെന്ന ആവർത്തിച്ചുള്ള ഉത്തരവുകൾക്കു ശേഷവും തമിഴ്നാടിനു വെള്ളം നൽകാനാവില്ലെന്നു വ്യക്‌തമാക്കിയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്താണ് കർണാടക ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.

ഇതോടെ കോടതിയുടെ പ്രതികരണം കൂടുതൽ രൂക്ഷമാവുകയായിരുന്നു. കർണാടകയുടെ നിലപാട് മൂലം സംസ്‌ഥാനങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്നു കേന്ദ്ര സർക്കാർ അറിയിച്ചതും കോടതി കണക്കിലെടുത്തു. ഇതേത്തുടർന്ന്, കർണാടകത്തിനു വേണ്ടി നിലപാട് വ്യക്‌തമാക്കിയതിലെ നിസഹായവസ്‌ഥ അറിയിച്ച മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ, ഉത്തരവ് നടപ്പിലാക്കുന്നതു വരെ സംസ്‌ഥാനത്തിനു വേണ്ടി കോടതിയിൽ ഹാജരാകില്ലെന്നും വ്യക്‌തമാക്കി.

കേസിൽ ഇനിയൊരു വാദത്തിനും മുതിരുന്നില്ലെന്ന് തമിഴ്നാടിന്റെ അഭിഭാഷകൻ ശേഖർ നാഫ്ഡെയും അറിയിച്ചു. പ്രാകൃതമായ രീതിയിലാണു തങ്ങളോടു പെരുമാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് അടിയന്തരമായി കാവേരി നദീജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിക്കുകയായിരുന്നു.

കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നീ സംസ്‌ഥാനങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി മൂന്നു ദിവസത്തിനുള്ളിൽ ബോർഡ് രൂപീകരിക്കണം. തുടർന്നു രണ്ടു ദിവസത്തിനുള്ളിൽ സമിതി സ്‌ഥലം സന്ദർശിച്ച് അടിസ്‌ഥാന പ്രശ്നങ്ങൾ പരിശോധിച്ച് ഒക്ടോബർ ആറിനു മുമ്പ് റിപ്പോർട്ട് നൽകണമെന്നും ആറിനു കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.