ജിഎസ്ടി കൗൺസിൽ യോഗത്തിൽ തർക്കം: സേവനനികുതി: കേരളം എതിർത്തു
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിനായുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ തർക്കം. സേവന നികുതി പിരിക്കുന്നതു സംബന്ധിച്ച ധാരണ രേഖപ്പെടുത്തിയതിൽ അവ്യക്‌തത ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾ എതിർപ്പറിയിച്ചതോടെയാണു തർക്കം രൂക്ഷമായത്. ഇതേ തുടർന്ന് തർക്കം പരിഹരിക്കുന്നതിനായി സെക്രട്ടറി തലത്തിൽ സമിതിയുണ്ടാക്കിയ കേന്ദ്ര സർക്കാർ, അടുത്ത യോഗത്തിനു മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി.

1.5 കോടി വരെ വിറ്റുവരവുള്ളവരുടെ സേവന നികുതി തുടക്കത്തിൽ ചുരുങ്ങിയ കാലത്തേക്കു കേന്ദ്ര സർക്കാർ തന്നെ പിരിക്കാമെന്നായിരുന്നു ആദ്യ ജിഎസ്ടി കൗൺസിലിൽ ധാരണയായിരുന്നത്. എന്നാൽ, ഇതു കേന്ദ്രം തന്നെ പിരിക്കുമെന്നു മിനിട്സിൽ രേഖപ്പെടുത്തിയെന്നു കേരളം, തമിഴ്നാട്, ബംഗാൾ സംസ്‌ഥാനങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു. അങ്ങനെയെങ്കിൽ എത്ര കാലത്തേക്കു കേന്ദ്രം പിരിക്കുമെന്നു വ്യവസ്‌ഥ ചെയ്യണമെന്നു സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ടു.


ഇതോടെയാണു തർക്കം രൂക്ഷമായത്. തുടർന്ന് അടുത്ത യോഗത്തിനു മുമ്പായി പ്രശ്നം പരിഹരിക്കുന്നതിനു ധന മന്ത്രാലയത്തിലെ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു.

വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾക്കും പർവത മേഖലയിലുള്ളവർക്കും ഉൾപ്പെടെ അടിസ്‌ഥാന നികുതി ഒടുക്കുന്നതിൽ ജിഎസ്ടി നടപ്പിലാക്കുന്നതോടെ ആർക്കും ഇളവുകൾ നൽകേണ്ടെന്നും കൗൺസിൽ യോഗത്തിൽ തീരുമാനമായി. നേരത്തെ ഇളവുകൾ ലഭ്യമായിട്ടുള്ളവരിൽ അതിനു യോഗ്യതയുണ്ടെങ്കിൽ അതിന് അതാതു വർഷത്തെ ബജറ്റിൽ ഇളവുകൾ അനുവദിക്കാമെന്നും കേന്ദ്ര സർക്കാർ യോഗത്തെ അറിയിച്ചു. രജിസ്ട്രേഷൻ, കോമ്പൻസേഷൻ, റീഫണ്ട് തുടങ്ങിയവയുടെ കരട് ചട്ടങ്ങൾക്കും ഇന്നലെ ചേർന്ന കൗൺസിൽ യോഗം രൂപം നൽകി. അടുത്ത യോഗം ഈ മാസം 17, 18 തീയതികളിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.