ഉറിയടിക്ക് ഉച്ചിയിലടി
ഉറിയടിക്ക് ഉച്ചിയിലടി
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: ഉറിയിലടിച്ചവന്റെ ഉച്ചിയിലടിച്ചു എന്നാണ് പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിയെ പരക്കെ വിശേഷിപ്പിച്ചത്. വേറൊരു തരം ഉറിയടി. ഉറിയിൽ വീരമൃത്യു വരിച്ച 18 സൈനികരുടെ മരണം വെറുതെയാകില്ലെന്നും ഭീകരാക്രമണത്തിന്റെ ഉത്തരാവാദികളെ ശിക്ഷിക്കുമെന്നും കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വ്യക്‌തമായ തീരുമാനത്തോടെയായിരുന്നു. സൈനിക മേധാവികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കേരളത്തിലേക്കു പ്രധാനമന്ത്രി വിമാനം കയറിയത്.

കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്ട് പാക്കിസ്‌ഥാനു മോദി നൽകിയ മുന്നറിയിപ്പിന് ഒരാഴ്ച തികയും മുമ്പേ ഫലമുണ്ടായി. 56 ഇഞ്ച് നെഞ്ചളവ് കുറഞ്ഞിട്ടില്ലെന്നു മോദിക്കു ബോധ്യപ്പെടുത്താൻ കഴിയുകയും ചെയ്തു. എന്നാൽ, ദക്ഷിണേഷ്യയുടെ ചരിത്രവും മുഖച്ഛായയും തിരുത്തിക്കുറിച്ച ഇന്ദിരാ ഗാന്ധിയുടെ 1971–ലെ ബംഗ്ലാദേശ് യുദ്ധവുമായി ഇന്നലത്തെ സംഭവത്തെ താരതമ്യപ്പെടുത്താൻ കഴിയില്ലായിരിക്കാം.

പിന്നീടു കാർഗിൽ യുദ്ധം ഉണ്ടായെങ്കിലും ഇന്ത്യക്കു സ്വന്തം ഭൂമി സംരക്ഷിക്കാൻ കഴിഞ്ഞുവെന്നതല്ലാതെ പാക്കിസ്‌ഥാനു കാര്യമായ ക്ഷീണമുണ്ടാക്കാനായില്ല. തുടർന്നു ലോകത്തെ നടുക്കിയ പാർലമെന്റ് ആക്രമണക്കേസും മുംബൈ ഭീകരാക്രമണവും താങ്ങാവുന്നതിലും വലിയ മുറിവായി. പത്താൻകോട്ടെ വ്യോമതാവളവും വീണ്ടും ഉറിയിലെ സൈനിക താവളവും ഭീകരർക്കു നുഴഞ്ഞുകയറി ആക്രമിക്കാനായത് ഇന്ത്യക്കു ക്ഷീണവുമായി. എന്നാൽ, പാക്കിസ്‌ഥാനു ശക്‌തമായ താക്കീതാണു പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ നടത്തിയ കടന്നാക്രമണം എന്നതിൽ സംശയമില്ല.

കരുതലോടെ കരുത്തോടെ

ഇന്നലെ പുലർച്ചെ 1971നു ശേഷമുള്ള ഇന്ത്യ– പാക്കിസ്‌ഥാൻ ചരിത്രത്തെ ഒരിക്കൽ കൂടി മാറ്റി മറിച്ചേക്കാവുന്ന സമയമായി. പാക് അധിനിവേശ കാഷ്മീരിലെ ഏഴു ഭീകരതാവളങ്ങളിൽ ഇന്ത്യൻ കമാൻഡോകൾ കനത്ത നാശം വിതച്ചു. ഉറി ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ ചുട്ട മറുപടി. തിരിച്ചടിയുടെ സമയം തീരുമാനിച്ചതും കൃത്യതയോടെയായിരുന്നു. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം കഴിയാതെ സൈനിക നടപടി ഗുണകരമാകില്ലായിരുന്നു.

യുഎൻ സമ്മേളനം കഴിഞ്ഞ് ഏറ്റവും അനുയോജ്യമായ സമയത്താണ് ഇന്ത്യയുടെ നടപടി. ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും സാധാരണ ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കാനും വേറെ വഴിയുണ്ടായിരുന്നില്ല.

പരിച താഴ്ത്തി പാക്കിസ്‌ഥാൻ

അടുത്ത തവണ തിരിച്ചടിക്കാമെന്നാണു പാക് പ്രതിരോധ മന്ത്രി ഖ്യാജ അസീഫിന്റെ ദയനീയ പ്രതികരണം. സമാധാനത്തിനുള്ള മോഹം ദൗർബല്യമായി കാണരുതെന്നും അപലപിക്കുന്നുവെന്നും ഉള്ള പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പ്രതികരണവും ഇന്ത്യയുടെ നേട്ടമായി. പാക് മണ്ണിൽ കയറി ഇന്ത്യയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നായിരുന്നു പാക്കിസ്‌ഥാൻ ആദ്യം അവകാശപ്പെട്ടത്. ഉറിയിലെയും പത്താൻകോട്ടെയും ഭീകരാക്രമണവുമായി ബന്ധമില്ലെന്നു നിഷേധിച്ചതു പോലെ തന്നെ. ഇന്ത്യ നടത്തിയതു സൈനിക ആക്രമണം അല്ലെന്നും നുഴഞ്ഞുകയറി വെടിവച്ചു രണ്ടു പാക് സൈനികരെ കൊലപ്പെടുത്തിയെന്നുമായിരുന്നു പാക്കിസ്‌ഥാന്റെ അടുത്ത പ്രതികരണം. പക്ഷേ പാക്കിസ്‌ഥാന്റെ തന്നെ മറ്റൊരു ഔദ്യോഗിക പ്രതികരണത്തിൽ അവരുടെ ജാള്യത വ്യക്‌തം.

ഇത്തരം കടന്നാക്രമണങ്ങൾക്കു മറുപടിയോ, ശിക്ഷയോ ഇല്ലാതെ പോകില്ലെന്ന് ഇന്ത്യക്ക് ഉറപ്പു നൽകുന്നു എന്നാണ് ഇസ്ലാമാബാദിന്റെ പ്രസ്താവന. ചെറിയ വെടിവയ്പ് എന്ന് ആദ്യം വിശേഷിപ്പിച്ചവർ പിന്നെന്തിനാണു കയറി ആക്രമിച്ചു എന്നു സ്വയം സമ്മതിച്ചതെന്ന ചോദ്യം ബാക്കി. ഇന്ത്യയുടെ കടന്നാക്രമണങ്ങളിൽ നിന്നും ഇന്ത്യ പ്രോൽസാഹിപ്പിക്കുന്ന ഭീകരതയിൽ നിന്നും പാക്കിസ്‌ഥാൻ ജനതയെയും അതിർത്തിയും പ്രതിരോധിക്കാൻ തയാറാണെന്നും ഇസ്ലാമാബാദിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതു തന്നെ ഇന്ത്യക്ക് ആശ്വാസം.

ഒറ്റക്കെട്ടായി ഒരൊറ്റ ഇന്ത്യ

പാക് അധിനിവേശ കാഷ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ കയറി ആക്രമിക്കാനുള്ള സൈനിക നടപടിക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ രാഷ്ര്‌ടീയ പാർട്ടികളും രാജ്യത്തെ ജനങ്ങളൊന്നാകെയും പൂർണ പിന്തുണ നൽകിയെന്നതു ശ്ലാഘനീയമായി. പൊതുശത്രുവിനെതിരേ രാജ്യം ഒറ്റക്കെട്ടാണെന്നു ലോകത്തിനാകെ ബോധ്യപ്പെടുന്നതായി പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തോടുള്ള ഇന്നലത്തെ പ്രതികരണങ്ങൾ. ഇന്ത്യൻ സൈന്യത്തിനും അവർക്ക് അനുമതി നൽകിയ പ്രധാനമന്ത്രി മോദിക്കും പാർട്ടികൾക്കു പുറമേ സാമൂഹ്യ മാധ്യമങ്ങളിലും പ്രശംസകളുടെ പ്രവാഹമായിരുന്നു.


രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്കു പുറമേ മൻമോഹൻ സിംഗും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, നിതീഷ് കുമാർ, മമത ബാനർജി, പ്രകാശ് സിംഗ് ബാദൽ, നവീൻ പട്നായിക് തുടങ്ങിയവരെയുമെല്ലാം വിശ്വാസത്തിലെടുത്താണ് മോദി സർക്കാർ വളരെ സത്യസന്ധതയോടെ തിരിച്ചടിച്ചതെന്നതും ചെറിയ കാര്യമല്ല. അമേരിക്കയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ശക്‌തികളെയും മോദി വിശ്വാസത്തിലെടുത്തിരുന്നു. ആഗോള ബന്ധങ്ങളിൽ മാത്രമല്ല, ദേശീയ– സംസ്‌ഥാന രാഷ്ര്‌ടീയങ്ങളിലും മോദിക്കു പ്രയോജനം ചെയ്യുന്നതാകും നടപടിയെന്നു ചുരുക്കം.

ബലിയില്ലാതെ വേട്ട

പാർലമെന്റ് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിനും പത്താൻകോട്ട് വ്യോമതാവളത്തിലും ഉറി സൈനിക ക്യാമ്പിലും പാക് ഭീകരർ നടത്തിയ ആക്രമണത്തിനുശേഷം ഇന്ത്യക്കു കൈകെട്ടി ഇരിക്കാനാകുമായിരുന്നില്ല.

ഉറിയിൽ ജീവൻ ബലികൊടുത്ത 18 സൈനികരോടു നീതി പുലർത്താൻ ഇത്രയെങ്കിലും അനിവാര്യമായിരുന്നു എന്നാണു വിദേശകാര്യ, പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്സ് എന്നു വിശേഷിപ്പിച്ച കമാൻഡോ ഓപ്പറേഷൻ ഏറ്റവും ഭംഗിയായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ സേനയ്ക്ക് അഭിമാനിക്കാം. ഒരൊറ്റ ഇന്ത്യൻ സൈനികന്റെയോ കമാൻഡോയുടെയോ ജീവൻ ബലിയർപ്പിക്കാതെയാണു കിറുകൃത്യമായി ആക്രമണം നടത്തിയതെന്നതു സൈന്യത്തിന് പൊൻതൂവലായി.

പാക്കിസ്‌ഥാനെ നയതന്ത്രപരമായി ആഗോള തലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ കൊണ്ടു മാത്രം പാക്കിസ്‌ഥാനിൽ നിന്നുള്ള ഭീകരാക്രമണങ്ങൾ നേരിടാനാകുമായിരുന്നില്ല. സിന്ധു നദീജല കരാർ നടപ്പാക്കുന്നതിലെ പുതിയ തന്ത്രങ്ങളും വാണിജ്യ, വ്യാപാര സമ്മർദ്ദങ്ങളും തുടങ്ങി വിവിധ തലങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചേ മതിയാകൂ. ഇസ്ലാമാബാദിൽ അടുത്ത മാസം നടക്കേണ്ടിയിരുന്ന സാർക് ഉച്ചകോടിയിൽ നിന്ന് അഫ്ഗാനിസ്‌ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ കൂട്ടി ഇന്ത്യ പിന്മാറിയതും പാക്കിസ്‌ഥാനു കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്രസഭയിൽ പാക്കിസ്‌ഥാന്റെ തനിനിറം തുറന്നുകാട്ടുന്നതിലും കാഷ്മീരിലെ മനുഷ്യാവകാശ ലംഘനമെന്ന പേരിൽ പാക്കിസ്‌ഥാൻ ഉന്നയിച്ച ആരോപണങ്ങളെ ശക്‌തമായി പ്രതിരോധിക്കുന്നതിലും ഇന്ത്യക്കായി.

പോരാട്ടം ഭീകരതയ്ക്കെതിരേ

പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും പരസ്യമായി പിന്തുണയ്ക്കുന്ന ഭീകരസംഘടനകളെയും തീവ്രവാദി നേതാക്കളെയും പാക് ഭരണകൂടത്തിന് നിയന്ത്രിക്കാനാകില്ലെന്നതു വ്യക്‌തമാണ്. ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ തുടങ്ങിയ ഭീകരഗ്രൂപ്പുകളെയെല്ലാം സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പാക്കിസ്‌ഥാൻ ആണെന്ന് അമേരിക്കയും ചൈനയും അടക്കം ആഗോള സമൂഹത്തിന് അറിയാത്തതല്ല. പക്ഷേ സ്വാർഥതാത്പര്യത്തിനായി ആദ്യം അമേരിക്കയും ഇപ്പോൾ ചൈനയും പാക്കിസ്‌ഥാന് പരോക്ഷ പിന്തുണ നൽകിയെന്നതു രഹസ്യമല്ല.

പാക്കിസ്‌ഥാനോ പാക് ജനതയ്ക്കോ എതിരായ ആക്രമണം അല്ല ഇന്ത്യ നടത്തിയത്. ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്റെ ചെറിയ തുടക്കം. പാക് അധിനിവേശ കാഷ്മീർ ഇന്ത്യയുടേതാണെന്നതിനാൽ കടന്നുകയറ്റം എന്നതുപോലും സാങ്കേതികമാകും. കാൻസറിനേക്കാളും ഭയാനകമായി ലോകത്തെ നശിപ്പിക്കുന്ന ഭീകരതയും തീവ്രവാദവും അവസാനിപ്പിക്കേണ്ടതു മനുഷ്യരുടെയാകെ ആവശ്യമാണ്. നിയന്ത്രിത സൈനിക നടപടി അനിവാര്യമായിരുന്നു. അതിർത്തി കടന്നെങ്കിലും അതിരു കടക്കാതെ, കൃത്യതയോടെ ഭീകരർക്കും അവരെ സഹായിക്കുന്നവർക്കും കർക്കശ താക്കീതാണ് ഇന്ത്യ നൽകിയത്.

യുദ്ധം പരിഹാരമാകില്ല

യുദ്ധവെറിയല്ല, മറിച്ചു സമാധാനത്തിനുള്ള തന്ത്രപരമായ നടപടികളും നയതന്ത്രപരമായ നീക്കങ്ങളുമാകട്ടെ ഇന്ത്യയുടെ ഇനിയുള്ള വഴി. ഇതിനായുള്ള കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രി മോദിയുടെയും ശ്രമങ്ങൾക്കു പൂർണ പിന്തുണ നൽകാം.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.