സൈനിക നീക്കം: ഇന്ത്യ വിശദീകരണം നൽകി
Thursday, September 29, 2016 2:38 PM IST
ന്യൂഡൽഹി: പാക്കിസ്‌ഥാനു തിരിച്ചടി നൽകിയതിനു പിന്നാലെ ഇന്ത്യ 25 വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾക്കു സൈനിക നടപടി സംബന്ധിച്ചു വിശദീകരിച്ചു. അമേരിക്ക, ചൈന, റഷ്യ, ഇംഗ്ളണ്ട്, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടാണ് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി എസ്. ജയശങ്കർ കാര്യങ്ങൾ വിശദീകരിച്ചത്.

തിരിച്ചടിക്കാനുണ്ടായ സാഹചര്യം ഇന്നലെ എസ്. ജയശങ്കർ ഇന്നലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോടു വിശദീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്‌താവ് വികാസ് സ്വരൂപ് അറിയിച്ചു.

സൈനിക നീക്കം എന്നതിനു പുറമേ ഭീകരതയ്ക്കെതിരായ തിരിച്ചടി എന്ന നിലയിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണം നൽകിയത്. തുടരാക്രമണങ്ങൾക്കു മറ്റു പദ്ധതികളൊന്നുമില്ലെന്നും എന്നാൽ, ഭീകരാക്രമണങ്ങളെ ശക്‌തമായി ചെറുക്കാമെന്നുള്ള സന്ദേശമാണ് ഇന്ത്യ വിദേശ രാജ്യങ്ങൾക്കു നൽകിയത്.

ഇന്ത്യയെ പിന്തുണച്ച് ബംഗ്ലാദേശ്

ന്യൂഡൽഹി: പാക്കിസ്‌ഥാനിലെ തീവ്രവാദ ക്യാമ്പുകൾക്കു നേർക്ക് ഇന്ത്യ നടത്തിയ ആക്രമത്തെ ബംഗ്ലാദേശ് പിന്തുണച്ചു. ഇന്ത്യയുടെ പരമാധികാരത്തിനു നേർക്കുള്ള ആക്രമണത്തിനു മറുപടി നല്കാൻ ഇന്ത്യക്ക് നിയമപരമായതും അന്താരാഷ്ട്രപരമായി അംഗീകരിക്കപ്പെട്ടതുമായ അവകാശമുണ്ടെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ ഉപദേഷ്ടാവ് ഇക്ബാൽ ചൗധരി പറഞ്ഞു. ഓരോ രാജ്യവും മറ്റു രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കണമെന്നാണു ബംഗ്ലാദേശിന്റെ നയമെന്നു ചൗധരി ടിവി ചാനലിനോടു വ്യക്‌തമാക്കി.

ഗുജറാത്തിൽ അതീവ ജാഗ്രതാ നിർദേശം

അഹമ്മദാബാദ്: പാക് തീവ്രവാദ ക്യാമ്പുകൾക്കു നേർക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ അതീവ ജാഗ്രതയ്ക്കു നിർദേശം നല്കിയതായി മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. പാക്കിസ്‌ഥാനുമായി കര, സമുദ്ര അതിർത്തി പങ്കിടുന്ന സംസ്‌ഥാനമാണു ഗുജറാത്ത്. കച്ച്, ബാനസ്കന്ത, പട്ടാൻ എന്നീ ജില്ലകളാണു പാക്കിസ്‌ഥാനുമായി അതിർത്തി പങ്കിടുന്നത്.

ബിഎസ്എഫും തീരസംരക്ഷണ സേനയും അതീവ ജാഗ്രത പുലർത്തിവരികയാണ്. പാക്കിസ്‌ഥാൻ അതിർത്തിയിൽനിന്നു 10 കിലോമീറ്റർ അകലെയുള്ള ജനങ്ങളെ ഒഴിപ്പിക്കണമെന്നു കേന്ദ്രം നിർദേശം നല്കിയിരുന്നു. എന്നാൽ, ഗുജറാത്തിൽ അതിർത്തിയിൽനിന്ന് 25 കിലോമീറ്റർ അകലെയാണു ജനവാസ കേന്ദ്രങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ 15–20 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിനു പോകരുതെന്നു തീര സംരക്ഷണസേനയും ഗുജറാത്ത് ഫിഷറീസ് വകുപ്പും നിർദേശം നല്കിയിട്ടുണ്ട്.

അഞ്ചു മുഖ്യമന്ത്രിമാരുമായി രാജ്നാഥ് ആശയവിനിമയം നടത്തി

ന്യൂഡൽഹി: സൈന്യത്തിന്റെ മിന്നലാക്രമണത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പശ്ചിമബംഗാൾ, ഒഡീഷ, പഞ്ചാബ്, ബിഹാർ, തെലുങ്കാന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളുമായും ആശയവിനിമയം നടത്തി. മുഖ്യമന്ത്രിമാരായ മമത ബാനർജി, നവീൻ പട്നായിക്, പ്രകാശ് സിംഗ് ബാദൽ, നവീൻ പട്നായിക്, കെ. ചന്ദ്രശേഖരറാവു, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി എന്നിവരുമായി രാജ്നാഥ്സിംഗ് ആശയവിനിമയം നടത്തി.


കാഷ്മീരിൽ ആശങ്ക; പലായനം തുടങ്ങി

ശ്രീനഗർ: കാഷ്മീർ താഴ്വരയിലെ ജനങ്ങൾ അശാന്തിയുടെ പരകോടിയിലായി. അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആൾക്കാർ ഒഴിഞ്ഞുപോകുകയാണ്. ഒരു യുദ്ധം ആസന്നമാണെന്ന് അവർ കരുതുന്നു. 11 ദിവസം മുമ്പ് ആക്രമണം ഉണ്ടായ ഉറി മേഖലയിൽനിന്നു ജനം പലായനം തുടങ്ങിയതായി ചില ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ പ്രത്യാക്രമണ വാർത്ത അറിഞ്ഞതോടെയാണിത്.

ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടിട്ട് 83 ദിവസം കഴിഞ്ഞിട്ടും കാഷ്മീരിലെ അശാന്തി അടങ്ങിയിട്ടില്ല. ഇപ്പോഴും കർഫ്യുവിലെന്ന പോലെയാണു ജീവിതം. അതിന്റെ കൂടെയാണു പുതിയ യുദ്ധഭീതി. ഇന്നലത്തേതു പോലൊരു ആക്രമണം കാഷ്മീരുകാർ പ്രതീക്ഷിച്ചിരുന്നില്ല.

മന്ത്രിസഭയ്ക്ക് ഉലച്ചിൽ

ശ്രീനഗർ: ജമ്മു–കാഷ്മീരിലെ പിഡിപി–ബിജെപി മന്ത്രിസഭയ്ക്ക് ഇന്ത്യൻ തിരിച്ചടി ചെറുതല്ലാത്ത ഉലച്ചിൽ ഉണ്ടാക്കും. പിഡിപിയിലെ പലരും പ്രത്യാക്രമണത്തെ വിമർശിക്കുന്നുണ്ട്.

മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെ അതിർത്തിയിലെ സാഹചര്യത്തിൽ ആശങ്കയാണു പ്രകടിപ്പിച്ചത്. യുദ്ധം സംസ്‌ഥാനത്ത് മഹാദുരന്തങ്ങൾക്കു കാരണമാകുമെന്ന് അവർ പറഞ്ഞു. ഇന്ത്യയും പാക്കിസ്‌ഥാനും ചർച്ചകളിലൂടെ സംഘർഷാവസ്‌ഥ ലഘൂകരിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഡിസംബറിൽ ഇസ്ലാമാബാദിൽ പുറത്തിറക്കിയ സംയുക്‌ത പ്രസ്താവനയുടെ ചൈതന്യത്തിൽ കാര്യങ്ങൾ ചർച്ചചെയ്തു തീർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജസ്‌ഥാനിലും അതീവ ജാഗ്രത

ജയ്പുർ: പാക് അധീന കാഷ്മീരിലെ ഭീകരക്യാമ്പുകൾക്കു നേർക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ രാജസ്‌ഥാനിൽ അതീവ ജാഗ്രതാ നിർദേശം നല്കി. പാക്കിസ്‌ഥാനുമായി 1000 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന സംസ്‌ഥാനമാണു രാജസ്‌ഥാൻ. ബിക്കാനീർ, ജയ്സാൽമേർ, ബാർമേർ, ശ്രീഗംഗാനഗർ എന്നീ നാലു ജില്ലകളാണു പാക്കിസ്‌ഥാനുമായി അതിർത്തി പങ്കിടുന്നത്. സ്‌ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ജാഗ്രത പുലർത്താനും ജില്ലാ കളക്ടർമാരോടും പോലീസ് സൂപ്രണ്ടുമാരോടും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജാഗ്രതാനിർദേശത്തെത്തുടർന്ന് പട്രോളിംഗ് ശക്‌തമാക്കിയതായി ബിഎസ്എഫ് വക്‌താവ് രവി ഗാന്ധി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.