തിരുവനന്തപുരം സംഭവം കറുത്ത അധ്യായം: എ.കെ. ആന്റണി
തിരുവനന്തപുരം സംഭവം കറുത്ത അധ്യായം: എ.കെ. ആന്റണി
Tuesday, September 27, 2016 12:51 PM IST
പ്രത്യേക ലേഖകൻ

ന്യൂഡൽഹി: തിരുവനന്തരപുരത്ത് യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തലിലേക്കു വരെ പോലീസ് കയറി മർദനം അഴിച്ചുവിട്ട സംഭവം കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി. നിരാഹാര സത്യഗ്രഹം നടത്തുന്നവരെ പോലീസ് ആക്രമിക്കുന്നതു സംസ്‌ഥാന ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ ന്യായീകരിക്കാൻ കഴിയാത്ത ഫീസ് വർധനയ്ക്കെതിരേ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ. മഹേഷും ഒരാഴ്ചയായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് കേരള ജനതയുടെ പിന്തുണയുണ്ട്. ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരേ സർക്കാർ കൈക്കൊണ്ട നടപടി അങ്ങേയറ്റം പൈശാചികമാണ്. ലാത്തിച്ചാർജ്, ജലപീരങ്കി, കണ്ണീർവാതകം എന്നിങ്ങനെ സർക്കാരിന് കീഴിലുള്ള എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചു വിദ്യാർഥികളെ അടിച്ചൊതുക്കാനുള്ള ശ്രമമാണു നടന്നത്. കെപിസിസി പ്രസിഡന്റ് ഇരുന്നസമരപന്തലിലാണ് അഴിഞ്ഞാട്ടം നടന്നതെന്നത് അത്യന്തം പ്രതിഷേധാർഹമാണ്.


മുഖ്യമന്ത്രിയുടെ കാർ തടഞ്ഞവർ ചാനലുകൾ വാടകയ്ക്കെടുത്തവരാണെന്ന പിണറായി വിജയന്റെ പരാമർശം വളരെ വേദനിപ്പിച്ചുവെന്ന് ആന്റണി പറഞ്ഞു. ഈ പ്രസ്താവന ശരിക്കും ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിലെ ഒരു ഭരണാധികാരിയും ഉപയോഗിക്കാത്ത പരാമർശമായിപ്പോയിത്. തിരുവനന്തപുരത്തു നടന്ന ക്രൂരമായ ലാത്തിച്ചാർജിലും പോലീസ് മർദനങ്ങളിലും സമരക്കാരെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടിയിലും ശക്‌തിയായി പ്രതിഷേധിക്കുന്നു–അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.