ശിവസേനാ മുഖപത്രത്തിനു നേരേ ആക്രമണം
ശിവസേനാ മുഖപത്രത്തിനു നേരേ ആക്രമണം
Tuesday, September 27, 2016 12:37 PM IST
മുംബൈ: ശിവസേനയുടെ മുഖപത്രമായ സാംനയുടെ മുംബൈയിലെ ഓഫീസിനു നേർക്ക് ആക്രമണം. മറാത്ത സമുദായം നടത്തിയ മൗനജാഥയെ പരാമർശിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് കല്ലേറുണ്ടായത്. മറാത്ത അനുകൂല സംഘടനയായ സംഭാജി ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45ഓടെ ഒരു വാഹനത്തിൽ മൂന്നു യുവാക്കൾ സാംന പ്രിന്റിംഗ് പ്രസ് ഓഫീസ് പരിസരത്തേക്ക് എത്തിയശേഷം സെക്യൂരിറ്റി ജീവനക്കാരെ വാഹനത്തിനടുത്തേക്കു വിളിച്ചു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങിയ യുവാക്കൾ ഓഫീസിനടുത്തേക്കു പോകുകയും തുടർന്ന് കല്ലെറിയുകയുമാണുണ്ടായത്. കല്ലേറിൽ കെട്ടിടത്തിന്റെ മൂന്നു ചില്ലുകൾ തകർന്നതായും പോലീസ് അറിയിച്ചു.സംഭവം അറിഞ്ഞുടൻ നവി മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നാഗരാലെ സ്‌ഥലത്തെത്തി ആക്രണം സ്‌ഥിരീകരിച്ചു. അക്രമികൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംഭാജി ബ്രിഗേഡ് വക്‌താവ് ശിവാനന്ദ് ഭാനൂസ് അറിയിച്ചു. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ അപലപിക്കുന്നുവെന്നു പറഞ്ഞ സാംന എക്സിക്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവുത്ത് മാപ്പു പറയണമെന്നും ശിവാനന്ദ് ഭാനൂസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.