സൈന്യത്തിൽ പൂർണ വിശ്വാസമെന്നു മോദി
സൈന്യത്തിൽ പൂർണ വിശ്വാസമെന്നു മോദി
Sunday, September 25, 2016 12:29 PM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിൽ ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരെ ഓർത്തു രാജ്യം അഭിമാനിക്കുന്നു. വാക്കുകളിലല്ല, പ്രവൃത്തിയിലാണു സൈന്യം വിശ്വസിക്കുന്നത്. സൈന്യം അവരുടെ ശൗര്യം കാട്ടുകതന്നെ ചെയ്യുമെന്നും പ്രതിമാസ റേഡിയോ പരിപാടിയിൽ നരേന്ദ്ര മോദി വ്യക്‌തമാക്കി.

ഉറി ഭീകരാക്രമണത്തിൽ രാജ്യത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. കാഷ്മീരിലുള്ളവർ രാജ്യവിരുദ്ധരെ ഇപ്പോൾ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. കലുഷിതമായ ജീവിതം സമാധാനത്തിന്റെ പാതയിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കാഷ്മീർ ജനതയുടെ സുരക്ഷ ഭരണകൂടത്തിന്റെ ചുമതലയാണ്. അത് ഉറപ്പുവരുത്താൻ അധികാരികൾ ഇടപെടേണ്ടതുണ്ട്. ഐക്യവും സമാധാനവുമാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴി. സൈന്യവും ഭരിക്കുന്നവരും അവരുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റും. അതിലൂടെ വികസനലക്ഷ്യം കൈവരിക്കാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പാരാലിംപിക്സിൽ മെഡൽ നേടിയവരെ പ്രധാനമന്ത്രി ഒരിക്കൽക്കൂടി അഭിനന്ദിച്ചു. ദിപ മാലിക്കും ദേവേന്ദ്ര ജജാരിയയും ഉൾപ്പെടെയുള്ള ജേതാക്കൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു. ഈ മെഡലുകളിലൂടെ അവർ വികലാംഗത്വത്തെ പരാജയപ്പെടുത്തി. ഒക്ടോബർ രണ്ടിന് രാജ്യമൊട്ടാകെയുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം. രണ്ടോ നാലോ മണിക്കൂറുകൾ അതിനായി നീക്കിവയ്ക്കണം. തുറസായിടത്ത് മലമൂത്ര വിസർജനം നടത്തുന്ന ശീലത്തിൽനിന്നു രാജ്യത്തെ ജനങ്ങൾ മോചനം നേടേണ്ടിയിരിക്കുന്നു. കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങൾ ഈ ലക്ഷ്യത്തിനരികിലാണ്. ശുചിത്വ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി കേന്ദ്രസർക്കാർ 1969 എന്ന ടെലിഫോൺ നമ്പർ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ശൗചാലയങ്ങൾ നിർമിക്കുന്നതു സംബന്ധിച്ചും ശൗചാലയം നിർമിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനെ കുറിച്ചും അറിയാനാകും.


മൻ കി ബാത്ത് പരിപാടി ആരംഭിച്ചിട്ടു വിജയദശമി ദിനത്തിൽ രണ്ടു വർഷം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മൻ കി ബാത്ത് രാഷ്ട്രീയമായ പിടിവലികളുടെയും ആരോപണ–പ്രത്യാരോപണങ്ങളുടെയും വേദിയാകരുതെന്നാണ് തന്റെ അഭിപ്രായം. സമ്മർദങ്ങൾക്കിടയിലും മനസ് പ്രേരിപ്പിച്ചിട്ടും ചില കാര്യങ്ങൾ പറയാതിരുന്നത് അതുകൊണ്ടാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.