റഫാൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണം: ആന്റണി
റഫാൽ കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണം: ആന്റണി
Saturday, September 24, 2016 12:11 PM IST
<ആ> പ്രത്യേക ലേഖകൻ

ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചു വാതോരാതെ പറയുന്ന നരേന്ദ്ര മോദി സർക്കാർ അതെല്ലാം കാറ്റിൽ പറത്തിയാണ് 59,000 കോടി രൂപയ്ക്കു 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽനിന്നു വാങ്ങുന്നതെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. വിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി ഒപ്പുവച്ച കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. വിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറണമെന്നും ഭൂരിഭാഗം വിമാനങ്ങൾ പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്‌ഥാൻ ഏറോ നോട്ടിക്കൽസ് ലിമിറ്റഡിന്റെ (എച്ച്എഎൽ) സഹായത്തോടെ നിർമിക്കണമെന്നുമുള്ള യുപിഎ സർക്കാരിന്റെ സുപ്രധാന ഉപാധികൾ പാലിക്കാതെയാണു മോദി സർക്കാർ കരാറിൽ ഒപ്പുവച്ചത്. മൊത്തം കരാറിന്റെ 50 ശതമാനം ഓഫ്സെറ്റ് (ഇന്ത്യയി ൽ നിക്ഷേപിക്കുകയോ ഇന്ത്യൻ സാമഗ്രികൾ വാങ്ങാൻ ഉപയോഗിക്കുകയോ) തുകയായി കണക്കാക്കണമെന്ന നിബന്ധന ഉപേക്ഷിച്ചതും ദുരൂഹമാണ്. ചുരുങ്ങിയതു 126 റഫാൽ വിമാനങ്ങൾ വേണമെന്ന വ്യോമസേനയുടെ ആവശ്യം നിരസിച്ചതിനെയും ആന്റണി വിമർശിച്ചു.

ചൈനയും പാക്കിസ്‌ഥാനും വ്യോമശക്‌തി വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയെ ശക്‌തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ സേനകളുടെ സുഗമമായ പ്രവർത്തനത്തിനും 36 പുതിയ വിമാനങ്ങൾ മാത്രം മതിയോ എന്നു കേന്ദ്രസർക്കാർ വ്യക്‌തമാക്കണമെന്ന് മുൻ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.


18 വിമാനങ്ങൾ വീതമുള്ള 42 സ്ക്വാഡ്രൺ വേണ്ടിയത്ത് ഇപ്പോൾ 32 സ്ക്വാഡ്രണേ ഉള്ളൂ. യുപിഎ സർക്കാരിന്റെ കാലത്ത് വില സംബന്ധിച്ച ചർച്ചകൾ പൂർത്തിയായിരുന്നില്ല. അതിനാൽ ഇപ്പോൾ വില കുറച്ചു വാങ്ങിയെന്ന അവകാശവാദം തെറ്റാണ്. യുപിഎ സർക്കാരിന്റെ കാലത്തു കരാർ ഒപ്പുവയ്ക്കുന്നതിനു മുന്നോട്ടുവച്ചിരുന്ന സുപ്രധാന നിബന്ധകൾ ഒഴിവാക്കിയതിനെക്കുറിച്ചും സർക്കാർ വിശദീകരിക്കണമെന്നു ആന്റണി ആവശ്യപ്പെട്ടു.

മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ അടക്കമുള്ള ബിജെപി നേതാക്കളുടെ പരാതികളെ തുടർന്നാണ് യുപിഎ സർക്കാരിന്റെ കാലത്ത് റഫാൽ കരാറിൽ ഒപ്പുവയ്ക്കാതിരുന്നതെന്നു ആന്റണി വിശദീകരിച്ചു. വില സംബന്ധിച്ച ചർച്ചകളും തുടരുകയായിരുന്നു. എന്നിട്ടും വില കൂടുതലാണെന്നും പരാതികളുയർത്തി. പരാതികൾ കേന്ദ്രധനമന്ത്രാലയം പരിശോധിച്ച ശേഷം മാത്രം കരാർ ഒപ്പുവച്ചാൽ മതിയെന്ന് യുപിഎ സർക്കാർ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി. കോൺഗ്രസ് ആ സ്‌ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ മുൻ മന്ത്രി മനീഷ് തിവാരിയും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.