ഫാ. ഡെന്നി നെടുംപതാലിനും ഫാ. ആന്റണി പുത്തൻകുളത്തിനും അവാർഡ് സമ്മാനിച്ചു
ഫാ. ഡെന്നി നെടുംപതാലിനും ഫാ. ആന്റണി പുത്തൻകുളത്തിനും അവാർഡ് സമ്മാനിച്ചു
Saturday, September 24, 2016 11:48 AM IST
സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദ്യാഭ്യാസ, പാരിസ്‌ഥിതിക പ്രവർത്തനങ്ങൾക്കുള്ള ഗ്ലോബൽ അച്ചീവേഴ്സ് ഫൗണ്ടേഷന്റെ പുരസ്കാരം ഫാ. ഡെന്നി തോമസ് നെടുംപതാലിനും ഗ്രാമീണ വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പുരസ്കാരം ഫാ. ആന്റണി പുത്തൻകുളത്തിനും സമ്മാനിച്ചു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഇന്നലെ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസിഡർ വി.ബി. സോണി അവാർഡുകൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലാണ് ഫാ. ഡെന്നി നെടുംപതാലിൽ. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്കു പുറമേ കുമരകത്ത് കണ്ടൽ ചെടികൾ നട്ടുവളർത്തുന്നതിനും സംരക്ഷണത്തിനും അദ്ദേഹം മുൻകൈ എടുത്തു പ്രവർത്തിച്ചു വരുന്നു. മൂന്നാർ ആദിവാസി കോളനി നിവാസികൾക്കു വേണ്ടി ബോധി എന്ന വായനശാല ആരംഭിച്ചു.

ഇടമലക്കുടിയിൽ ആദിവാസികൾക്കു വേണ്ടി സേർച്ചു ലൈറ്റുകൾ വിതരണം ചെയ്തു. ഇടമലക്കുടിയിൽ പുതിയ ഗ്രന്ഥശാലയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ കാമ്പസ് ഹരിത കാമ്പസാക്കി മാറ്റുന്നതിനു മുൻകൈയെടുത്തു പ്രവർത്തിച്ചു. സ്കൂളിൽ ആയുർവേദ മരുന്നുതോട്ടവും മുളംതോട്ടവും വച്ചു പിടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സ്കൂളിൽ നിന്നു വിദ്യാർഥികൾക്ക് എല്ലാ വർഷവും വിവിധയിനം മരത്തൈകളും വിതരണം ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി രൂപതയിലെ വലിയതോവാള ഇടവകാംഗമായ നെടുംപതാലിൽ തോമസ്– ഏലിയാമ്മ ദമ്പതികളുടെ മകനാണ്.

കോതമംഗലം രൂപതയിലെ പാറപ്പുഴ ഇടവകാംഗമായ ഫാ. ആന്റണി പുത്തൻകുളം പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലാണ്. ഏഴു വർഷത്തോളമായി പോത്താനിക്കാട് ഗ്രാമീണ പ്രദേശങ്ങളിലെ കുട്ടികൾക്ക് സിബിഎസ്ഇ നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.