റഫാൽ വിമാനം: ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പിട്ടു
റഫാൽ വിമാനം: ഇന്ത്യയും ഫ്രാൻസും കരാർ ഒപ്പിട്ടു
Friday, September 23, 2016 12:37 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഫ്രാൻസിൽനിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 59,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധമന്ത്രി മനോഹർ പരീക്കറും കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാങ് ഈവ് ല ഡ്രിയാനുമാണ് കരാറിലൊപ്പു വച്ചത്. 16 മാസങ്ങൾക്കു മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണു വിമാനങ്ങൾ വാങ്ങാൻ ധാരണയായത്. മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദും ഇതു സംബന്ധിച്ചു നാലുമാസം മുമ്പു ധാരണപത്രത്തിൽ ഒപ്പുവച്ചിരുന്നു.

കരാറനുസരിച്ച് ഫ്രഞ്ച് കമ്പനി ഇന്ത്യയിൽ 300 കോടി രൂപയുടെ നിക്ഷേപവും നടത്തണം. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് 120 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി ചുരുക്കിയാണ് 36 വിമാനങ്ങൾ ഫ്രാൻസിൽനിന്നു വാങ്ങാൻ ഇപ്പോൾ കരാറായിരിക്കുന്നത്. വിലയെ സംബന്ധിച്ചു ധാരണയാകാതിരുന്നതിനാലാണ് എണ്ണം വെട്ടിച്ചുരുക്കി 36ൽ ഒതുക്കിയത്. ഏകദേശം 1400 കോടി രൂപയ്ക്കാണ് ഒരു വിമാനം വ്യോമസേനയ്ക്കു ലഭിക്കുക. ഖത്തർ വ്യോമസേനയ്ക്ക് ഒരു വിമാനത്തിന് 1800 കോടി രൂപയ്ക്കാണ് അടുത്തിടെ കൈമാറ്റം നടന്നത്.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റഫാൽ ജെറ്റ് യുദ്ധ വിമാനങ്ങളുടെ നിർമാതാക്കൾ ഫ്രാൻസിലെ ദസോ ഏവിയേഷനാണ്. ഇരട്ട എൻജിനുകളുള്ള ഇടത്തരം വിവിധോദ്യേശ വിമാനമാണ് റഫാൽ. അയൽ രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണ്വായുധം വഹിക്കാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണിത്. ഉടൻ ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ഫ്രഞ്ച് കമ്പനി ഇതു കൈമാറുക. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈലും ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിമാനത്തിലുണ്ടാകും. 36 മാസങ്ങൾക്കുള്ളിൽ വിമാനങ്ങളുടെ കൈമാറ്റം ആരംഭിക്കുകയും 66 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുകയും വേണം.


17 വർഷത്തിനിടെ ഇന്ത്യ പുതിയ തലമുറയിൽ പെട്ട വിമാനങ്ങളൊന്നും വാങ്ങിയിട്ടില്ല. പഴയ മോഡൽ മിഗ് 21, മിഗ് 27, സുഖോയ് 30 തുടങ്ങിയ വിമാനങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. റഫാൽ വരുന്നതോടെ മിഗ് പരമ്പര യുദ്ധവിമാനങ്ങളെ പൂർണമായും ഒഴിവാക്കും. റഫാൽ ഇടപാട് റദ്ദാക്കിയാൽ മിഗ് വിമാനങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ മിഗ് 35 ഇന്ത്യക്ക് നൽകാൻ തയാറാണെന്ന് റഷ്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറുമായി നരേന്ദ്രമോദി മുന്നോട്ടു പോയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.