കടുത്ത പനി; ജയലളിത ആശുപത്രിയിൽ
കടുത്ത പനി; ജയലളിത ആശുപത്രിയിൽ
Friday, September 23, 2016 12:31 PM IST
ചെന്നൈ: പനി മൂർച്ഛിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച അർധരാത്രി മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പനി വിട്ടുമാറിയെന്നും അമ്മ ലഘുഭക്ഷണം കഴിച്ചുതുടങ്ങിയെന്നും ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുബ്ബയ്യ വിശ്വനാഥൻ പറഞ്ഞു. വിദഗ്ധ ഡോക്ടർമാരടങ്ങുന്ന സംഘമാണ് ജയലളിതയെ പരിശോധിക്കുന്നത്.

അറുപത്തിയെട്ടുകാരിയായ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കരൾ രോഗത്തെത്തുടർന്നാണു ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പറയപ്പെടുത്തു. ഇതാദ്യമായാണ് ജയലളിത ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഡോക്ടർമാർ ജയലളിതയെ വീട്ടിലെത്തി പരിശോധിക്കുകയാണു പതിവ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോടതി വെറുതേവിട്ടശേഷം മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തിയ ജയലളിത, പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ലായിരുന്നു.


ജയലളിത എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈ ആശുപത്രിയിലേക്ക് അയച്ച കത്തിൽ പറയുന്നു. കത്തിനൊപ്പം ഒരുബൊക്കെയും അയച്ചിട്ടുണ്ട്. ഗവർണർ വിദ്യാസാഗർ റാവുവും പൂക്കൾ അയച്ചാണ് ജയലളിതയ്ക്ക് ആശംസ അറിയിച്ചത്.ജയലളിതയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തുടങ്ങിയവർ ട്വീറ്റ് ചെയ്തു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ തമിഴിസൈ സൗന്ദരരാജൻ, ഓൾ ഇന്ത്യ സമത്വ മക്കൾ കട്ചി അധ്യക്ഷൻ ശരത്കുമാർ, ദ്രാവിഡർ കഴകം അധ്യക്ഷൻ കി. വീരമണി തുടങ്ങിയവരും അമ്മയുടെ ആരോഗ്യത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞു.

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയും ജയലളിതയ്ക്ക് ആശംസ അർപ്പിച്ചു. ധനമന്ത്രി ഒ. പനീർശെൽവവും പാർട്ടി നേതാക്കളും ആശുപത്രിയിൽ തമ്പടിച്ചിരിക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.