ഉറി ആക്രമണം: ഭീകരരുടെ കൈയിൽനിന്നു ഭൂപടം ലഭിച്ചു
ഉറി ആക്രമണം: ഭീകരരുടെ കൈയിൽനിന്നു ഭൂപടം ലഭിച്ചു
Friday, September 23, 2016 12:31 PM IST
ഉറി: ഉറി പ്രദേശം ചിത്രീകരിച്ച ഭൂപടം സൈനിക ബ്രിഗേഡ് ആസ്‌ഥാനത്ത് ആക്രമണം നടത്തിയ ഭീകരരുടെ കൈയിൽനിന്ന് ലഭിച്ചു. ആക്രമണം നടത്തിയ നാലു ഭീകരരുടെ കൈയിൽനിന്ന് ആയുധങ്ങളും രണ്ടു മാപ്പും ലഭിച്ചെന്നു സൈനികവൃത്തങ്ങൾ ഇന്നലെ അറിയിച്ചു.

ശ്രീനഗറിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള ഉറിയിലെ സകല തന്ത്രപ്രധാന കേന്ദ്രങ്ങളും ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ഹൈഡൽ പവർ കോർപറേഷന്റെ വൈദ്യുതി നിലയവും ഉറിലുണ്ട്. ഭൂപടം ഭീകരാക്രമണക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറി.

ജയ്ഷെ മുഹമ്മദ് ഭീകരരല്ല, ലഷ്കർ ഇ–തോയിബയാണ് ആക്രമണത്തിനുപിന്നിലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അറിയാനും തെളിവുകൾ ശേഖരിക്കാനും 12 അതിർത്തി ഗ്രാമങ്ങളിലെ തലവന്മാരുമായി സൈനികോദ്യോഗസ്‌ഥർ കൂടിക്കാഴ്ച നടത്തി. ഉറിയിലെത്തുന്നതിനു മുമ്പ് ഭീകരർ തങ്ങാൻ സാധ്യതയുള്ള ചരുന്ദാ, ഗോല്ലാഹാൻ ഗ്രാമങ്ങളിൽ സൈന്യം പരിശോധന നടത്തി. ഇരുഗ്രാമങ്ങളിലുമായി 603 കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്.


ഭീകരാക്രമണത്തിന് 24 മണിക്കൂർ മുമ്പ് ഉറി സെക്ടറിൽ നടന്ന ഫോൺകോൾ വിവരവും, ഇന്റർനെറ്റ് ഉപയോഗ ലിസ്റ്റും ജമ്മു കാഷ്മീർ പോലീസ് എൻഐഎയ്ക്കു കൈമാറി. ചൊവ്വാഴ്ച ഉറിയിലെത്തിയ എൻഐഎ സംഘം ഇന്നലെയോടെ തെളിവുശേഖരണം പൂർത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.