ജിഎസ്ടി 20 ശതമാനം വേണമെന്നു കേരളം
Friday, September 23, 2016 12:31 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോൾ പൊതുനികുതി നിരക്ക് 20 ശതമാനമാക്കണമെന്നു കേരളം. ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ നിർദേശം വച്ചതായി ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. 20 ശതമാനം ജിഎസ്ടി ആയാൽ ഓരോ വ്യാപാരഘട്ടത്തിലുംം 10 ശതമാനം വീതം കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ലഭിക്കും.

ആഡംബര വസ്തുക്കൾക്ക് 24 മുതൽ 26 ശതമാനം വരെയാകാം. അവശ്യവസ്തുക്കളുടെ കാര്യത്തിൽ കേന്ദ്രം മുന്നോട്ടു വെച്ചത് 12 ശതമാണെങ്കിലും അത് ആറു ശതമാനം മാത്രമാക്കി താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. ഉയർന്ന നികുതി നിരക്ക് ഈടാക്കുന്നതു വഴിയുള്ള ലാഭം വിലക്കയറ്റ സാഹചര്യത്തിൽ ഉപഭോക്‌താവിനു ലഭ്യമാക്കണം. ജിഎസ്ടി നടപ്പാക്കുമ്പോൾ പരമാവധി ചില്ലറവിൽപ്പന വില താഴ്ത്തി നിശ്ചയിക്കണം. സ്വർണത്തിന് നാലു ശതമാനം നികുതിയെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവിന്റെ നിർദേശം ആരും എതിർത്തിട്ടില്ലെന്നും തോമസ് ഐസക് വ്യക്‌തമാക്കി.


ജിഎസ്ടി നടപ്പാക്കുന്നതിനുള്ള സംസ്‌ഥാന ബിൽ കേരളം പാസാക്കാൻ വൈകും. അടുത്ത ബജറ്റ് സമ്മേളനത്തിൽ മാത്രമേ ജിഎസ്ടി ബിൽ കേരളം പാസാക്കാനാകൂയെന്നും ധനമന്ത്രി പറഞ്ഞു.

2015–16 അടിസ്‌ഥാന വർഷമാക്കി കഴിഞ്ഞ ആറ് വർഷത്തിലെ വളർച്ചാനിരക്കിൽ നിന്നു മികച്ച മൂന്നു വർഷത്തെ കണക്ക് അടിസ്‌ഥാനമാക്കി നഷ്‌ടപരിഹാര തോത് നിശ്ചയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തെ വളർച്ച നിരക്കിന്റെ ശരാശരി കണക്കാക്കാമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനമെടുക്കുന്നത് അടുത്ത യോഗത്തിലേക്കു മാറ്റി. നികുതി നിരക്കും സ്ലാബും നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ അടുത്ത മാസം 17, 18, 19 തീയതികളിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു. കരട് ജിഎസ്ടി ചട്ടം രൂപം നൽകുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം ഈ മാസം 30നു ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.