വിമാനത്തിൽവച്ച് സാംസംഗ് ഫോണിനു തീപിടിച്ചു
വിമാനത്തിൽവച്ച് സാംസംഗ് ഫോണിനു തീപിടിച്ചു
Friday, September 23, 2016 12:31 PM IST
ന്യൂഡൽഹി: സിംഗപ്പൂരിൽനിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിൽ സാംസംഗ് ഗാലക്സി നോട്ട് രണ്ട് ഫോണിനു തീപിടിച്ചു.

സംഭവത്തെത്തുടർന്ന് ഈ സീരീസിൽ പെട്ട മൊബൈൽ ഫോണുകൾക്കു വിമാനത്തിൽ വിലക്കേർപ്പെടുത്താൻ ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികൾക്കു നിർദേശം നല്കി.

സാംസംഗ് അധികൃതരോട് തിങ്കളാഴ്ച ഹാജരാകാനും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

സിംഗപ്പൂരിൽനിന്നു ചെന്നൈയിലേക്ക് പുറപ്പെട്ട 6ഇ–054 വിമാനത്തിനുള്ളിൽനിന്നു യാത്രയ്ക്കിടെ പുക ഉയരുന്ന വിവരം യാത്രക്കാർ ക്യാബിൻ ക്രൂവിനെ അറിയിക്കുകയായിരുന്നു.

23 സി സിറ്റീൽനിന്നാണു പുക ഉയരുന്നതെന്നു വിമാനജീവനക്കാർ കണ്ടെത്തുകയും ഈ വിവരം എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് അറിയിക്കുകയും ചെയ്തു.


മുൻ കരുതൽ നടപടിയായി വിമാനജീവനക്കാർ യാത്രക്കാരെ സീറ്റ് മാറ്റി ഇരുത്തി. തുടർന്നു നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ബാഗേജിലെ സാംസംഗ് നോട്ട് രണ്ടിൽനിന്നാണു പുക ഉയരുന്നതെന്നു കണ്ടെത്തി. അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ പുക ഇല്ലാതാക്കിയശേഷം ഫോൺ ശുചിമുറിയിലെ ജലം നിറച്ച പാത്രത്തിൽ നിക്ഷേപിച്ചു.

വിമാനം സാധാരണ രീതിയിൽത്തന്നെ എത്തിയതെന്നും മൊബൈലിൽനിന്നുള്ള പുക യാത്രക്കാർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിലെന്നും വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെത്തുടർന്ന് സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകൾ വിമാനത്തിൽ കൊണ്ടുപോകുന്നത് ഡിജിസിഎ നേരത്തെ വിലക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.