കാഷ്മീരിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
കാഷ്മീരിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
Friday, September 23, 2016 12:31 PM IST
ശ്രീനഗർ: കാഷ്മീരിൽ സുരക്ഷാസേനയുടെ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. വടക്കൻ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടശേഷം കാഷ്മീരിലുണ്ടായ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആയി.

കാഷ്മീരിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ചു മധ്യകാഷ്മീരിലെ ബദ്ഗാം ജില്ലയിൽ വിഘടനവാദികൾ നടത്തിയ ചരാർ–ഇ–ഷരീഫ് ചലോ മാർച്ചിനു നേർക്ക് സൈന്യം കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പ്രതിഷേധമാർച്ചിനു മുന്നോടിയായി ചരാർ–ഇ–ഷരീഫിലേക്കുള്ള റോഡുകൾ സൈന്യം ഇന്നലെ വെളുപ്പിനുതന്നെ അടച്ചിരുന്നു. ഹസ്രത് ഷേക്ക് നൂറുദീൻ വാലിയുടെ ശവകുടീരത്തിൽനിന്നു വെള്ളിയാഴ്ചത്തെ പ്രാർഥനകൾക്കുശേഷം റാലി നടത്താനാണു വിഘടനവാദികൾ തീരുമാനിച്ചിരുന്നത്. നിരോധനം ലംഘിച്ചും പ്രതിഷേധക്കാർ ചരാർ–ഇ–ഷരീഫിലേക്ക് എത്തിയതാണു പ്രകോപനത്തിനു കാരണം. സൈനികർക്കു നേരേ കല്ലെറിഞ്ഞ ഇവരെ പിരിച്ചുവിടാനാണു സൈനികർ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചത്. പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.


ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വടക്കൻ കാഷ്മീരിലെ കുപ്വാരയിൽ സുരക്ഷാസേന വ്യാപക തെരച്ചിൽ നടത്തി.

പാക് അധീന കാഷ്മീരിൽനിന്ന് നുഴഞ്ഞുകയറാനുള്ള ഇരുന്നൂറോളം ഭീകരരുടെ ശ്രമം കഴിഞ്ഞദിവസങ്ങളിൽ സൈന്യം പരാജയപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.