കേരളത്തിൽ കോൺഗ്രസിനു 21 അംഗ രാഷ്ട്രീയകാര്യ സമിതി
Wednesday, August 31, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകാനായി 21 അംഗ രാഷ്ട്രീയകാര്യ സമിതിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ച സമിതിയെ സംഘടനാ ചുമതല യുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദനൻ ദ്വിവേദിയാണു പ്രഖ്യാപിച്ചത്.

സംസ്‌ഥാനത്ത് കോൺഗ്രസിൽ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഒരു സംവിധാനം എന്ന നിലയിലാണ് രാഷ്ട്രീയകാര്യ സമിതി.

കേരളത്തിൽ കോൺഗ്രസിനുള്ളിൽ ഉരുണ്ടുകൂടിയിരുന്ന പ്രശ്നങ്ങളിൽ പരിഹാരത്തിനായുള്ള ഹൈക്കമാൻഡ് നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ആദ്യത്തേതാണ് രാഷ്ട്രീയകാര്യ സമിതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷൻ വി.എം. സുധീരനുമായും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ ചർച്ചയുടെ തുടർച്ചയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം.

കഴിഞ്ഞ 23ന് ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി വെവ്വേറെ നടത്തിയ ചർച്ചകളിൽ ഓഗസ്റ്റ് നാലിനു ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ എന്നിവരുമായി എ.കെ ആന്റണിയുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു പോകണമെന്നായിരുന്നു നിർദേശം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുക, അതിന് മുന്നോടിയായി പുനഃസംഘടന നടത്തുക എന്നതാണ് അന്ന് എടുത്തിരുന്ന തീരുമാനം. സംഘടനാ തെരഞ്ഞെടുപ്പുവരെ വി.എം.സുധീരൻ അധ്യക്ഷസ്‌ഥാനത്ത് തുടരുമെന്നും വ്യക്‌തമാക്കിയിരുന്നു.


<ആ>രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ

കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ. മുരളീധരൻ, പി.സി ചാക്കോ, പ്രഫ. പി.ജെ കുര്യൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസൻ, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രഫ. കെ.വി തോമസ്, എം.ഐ ഷാനവാസ്, കെ. സുധാകരൻ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി സതീശൻ, ബെന്നി ബഹനാൻ, ഷാനിമോൾ ഉസ്മാൻ, ടി.എൻ പ്രതാപൻ, പി.സി വിഷ്ണു നാഥ്, എം. ലിജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.