നിർമാണമേഖലയിലെ ചട്ടങ്ങളിൽ ഇളവ്
Wednesday, August 31, 2016 12:31 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: രാജ്യത്തെ നിർമാണ മേഖലയ്ക്കു ശക്‌തി പകരാൻ കഴിയുന്ന തരത്തിൽ നിലവിലെ ചട്ടങ്ങളിൽ കേന്ദ്രമന്ത്രിസഭ അയവുവരുത്തി. നിർമാണ മേഖലയിലെ തർക്കങ്ങൾക്കു വേഗം പരിഹാരം കാണാനും വിവിധ പദ്ധതികൾക്കു വായ്പ അടക്കമുള്ള ധനസഹായം ലഭ്യമാക്കാനും കഴിയുന്നതാണു പുതിയ ചട്ടങ്ങളെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 8–9 ശതമാനം വരുന്ന നിർമാണ മേഖലയിലെ പ്രശ്നങ്ങൾ വേഗം പരിഹരിക്കുകയാണു ലക്ഷ്യമെന്നു മന്ത്രി വിശദീകരിച്ചു. നേരിട്ടുള്ള തൊഴിലവസരങ്ങളേക്കാളേറെ പരോക്ഷമായി ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്‌ടിക്കുന്ന നിർമാണ രംഗത്തിന്റെ വളർച്ചയ്ക്കു പുതിയ തീരുമാനങ്ങൾ ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് നീതി ആയോഗിന്റെ ശിപാർശകൾ അംഗീകരിച്ചത്.


കോടതികളുടെ അന്തിമ തീർപ്പു വരുന്നതിനു മുമ്പു നിർമാണ കരാറുകൾക്കുള്ള തർക്കപരിഹാര അവാർഡ്തുകയുടെ 75 ശതമാനം കരാറുകാരനു നൽകുന്നതിനാണു മന്ത്രിസഭയുടെ പുതിയ തീരുമാനം. മാർജിൻ ഫ്രീ ബാങ്ക് ഗാരണ്ടിയുടെ അടിസ്‌ഥാനത്തിൽ ഇതനുസരിച്ചു സർക്കാരും പൊതുമേഖലാ സ്‌ഥാപനങ്ങളും കോർപറേഷനുകളും മുനിസിപ്പാലിറ്റികളും വരെയുള്ള സർക്കാർ സ്‌ഥാപനങ്ങൾ ആർബിട്രേഷൻ അവാർഡിന്റെ മുക്കാൽ തുകയും എസ്ക്രോ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിർദേശമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.