വിദേശ നിക്ഷേപകർക്കു സ്‌ഥിരം താമസ പദവിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Wednesday, August 31, 2016 12:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശ നിക്ഷേപകർക്ക് സ്‌ഥിരം താമസ പദവി (പിആർഎസ്) പദ്ധതി നടപ്പിലാക്കാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമയാസമയങ്ങളിൽ സർക്കാർ പ്രഖ്യാപിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

18 മാസത്തിനുള്ളിൽ പത്തു കോടിയുടെയോ 36 മാസത്തിനുള്ളിൽ 25 കോടി രൂപയുടെയോ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നവർക്കേ പിആർഎസ് ആനുകൂല്യം ലഭ്യമാകൂ. നേരിട്ടുള്ള ഈ വിദേശ നിക്ഷേപം വഴി ഓരോ സാമ്പത്തിക വർഷവും ഇന്ത്യയിൽ താമസക്കാരായ 20 പേർക്കെങ്കിലും തൊഴിൽ നൽകാനും സാധിക്കണം. താമസിക്കുന്നതിനായി ഇന്ത്യയിൽ എവിടെയെങ്കിലും ഒരിടത്തു വസ്തു വാങ്ങിക്കുന്നതിനുള്ള അനുമതിയും പിആർഎസ് ഉടമകൾക്ക് ലഭിക്കും.

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ ഇതു വഴി വർദ്ധനയുണ്ടാകുമെന്നും ഇന്ത്യയിൽ നിർമിക്കുന്ന പദ്ധതിക്ക് സഹായകമാകുമെന്നുമാണ് പ്രതീക്ഷ. വിദേശ നിക്ഷേപകർക്ക് പിആർഎസ് ലഭ്യമാക്കാൻ വീസ ചട്ടങ്ങളിൽ ആവശ്യമായ നിബന്ധനകൾ ഉൾപ്പെടുത്തും.


മൾട്ടിപ്പിൾ എൻട്രിയോടുകൂടി ആദ്യ ഘട്ടത്തിൽ 10 വർഷത്തേക്കാണ് പിആർഎസ് അനുവദിക്കുക. പിആർഎസ് ഉടമകളെ രജിസ്ട്രേഷൻ നടപടികളിൽനിന്ന് ഒഴിവാക്കും.

സ്‌ഥിരം റെസിഡൻസി സ്റ്റ്ാറ്റസ് ഉടമയുടെ പേരിൽ പ്രതികൂലമായ യാതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിൽ വീണ്ടും പത്തു വർഷത്തേക്കു കൂടി പിആർഎസ് നൽകുന്നത് പരിഗണിക്കും. പിആർഎസ്. പദവി ലഭ്യമാകുന്നവരുടെ ഭാര്യക്കോ ആശ്രിതർക്കോ തൊഴിൽ വീസയിലെ ശമ്പള വ്യവസ്‌ഥകൾ ഇളവ് ചെയ്തു കൊണ്ട് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുകയോ ഇന്ത്യയിൽ പഠനം നടത്തുകയോ ചെയ്യാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.