റേഡിയോയിൽ ബലൂചി വാർത്തകളുടെ സമയം നീട്ടാൻ തീരുമാനം
Wednesday, August 31, 2016 12:01 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പാക്കിസ്‌ഥാനിലെ ബലൂച് പ്രവശ്യയിൽ കഴിയുന്നവർക്കായി ഓൾ ഇന്ത്യ റേഡിയോയിൽ ബലൂചി ഭാഷയിൽ കൂടുതൽ സമയ ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിൻ ആരംഭിക്കും. ആകാശ വാണിയുടെ റേഡിയോ കാഷ്മീർ ആണ് ബലൂചി വാർത്തകൾ പ്രക്ഷേപണം ചെയ്യുന്നത്.

1974 മുതൽ ആകാശവാണി ബലൂചി ഭാഷയിൽ പ്രക്ഷേപണം നടത്തുന്നുണ്ട്. എന്നാൽ, പുതിയതായി വാർത്താ പരിപാടികൾ കൂടുതലായി ഉൾപ്പെടുത്താനാണു ആകാശവാണിയുടെ പുതിയ നീക്കമെന്ന് ഓൾ ഇന്ത്യ റേഡിയോയിലെ മുതിർന്ന ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. നിലവിൽ വാർത്ത ഉൾപ്പടെ വിവിധ പരിപാടികൾ ബലൂചി ഭാഷയിൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്.

എന്നാൽ, ബലൂച് പ്രവശ്യയിലേക്കു താത്പര്യമുള്ള കൂടുതൽ വാർത്തകൾ ഉൾക്കൊള്ളിക്കാനുള്ള പരിപാടിക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ബലൂചി ഭാഷയിൽ പത്തു മിനിട്ട് ദൈർഘ്യമുള്ള വാർത്താ ബുള്ളറ്റിനുകളാണു പ്രക്ഷേപണം ചെയ്യുന്നത്. ഇതിന്റെ സമയപരിധി ദീർഘിപ്പിക്കും.

പാക്കിസ്‌ഥാനിലെ ബലൂച് പ്രവശ്യയിലുള്ളവർക്കു വേണ്ടി ഓൾ ഇന്ത്യാ റേഡിയോ പ്രത്യേക വാർത്താ ബുള്ളറ്റിനുകൾ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗുമായുള്ള കൂടിക്കാഴ്ചയിൽ ആകാശവാണി ഡയറക്ടർ ഫയാസ് ഷെഹ്രിയാർ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

റേഡിയോ കാഷ്മീരിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന വിവിധ പരിപാടികൾ ഇപ്പോൾ പാക് അധീന കാഷ്മീരിൽ ഉൾപ്പെടെ ലഭ്യമാണ്.

റേഡിയോ കാഷ്മീരിന്റെ സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെടുത്തി പ്രക്ഷേപണം ആരംഭിക്കുന്നതോടെ ഇവിടെ നിന്നുള്ള പരിപാടികൾ പാക് അധിനിവേശ കാഷ്മീരിനു പുറമേ പാക്കിസ്‌ഥാൻ പഞ്ചാബ്, ലാഹോർ തുടങ്ങിയ മേഖലകളിലും ലഭിക്കും.


ജമ്മുവിൽ 300 കെവി ഡിജിറ്റൽ റേഡിയോ മോൺഡിയൽ സ്‌ഥാപിക്കുന്നതോടെ അതിർത്തിക്കപ്പുറം 300 കിലോമീറ്ററോളും ആകാശവാണി പരിപാടികൾ ലഭിക്കുന്ന തരത്തിൽ പ്രക്ഷേപണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

നിലവിൽ ആകാശവാണിയുടെ എക്സ്റ്റേണൽ സർവീസ് ഡിവിഷൻ 108 രാജ്യങ്ങളിൽ 27 ഭാഷകളിലായി ദിവസേന പ്രക്ഷേപണം നടത്തുന്നുണ്ട്. ഇതിൽ ബലൂചി ഭാഷ ഉൾപ്പെടെ 15 വിദേശ ഭാഷകളിലാണ് വാർത്താ ബുള്ളറ്റിനുകളടക്കം പ്രക്ഷേപണം ചെയ്യുന്നത്.

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്‌ഥാനെക്കുറിച്ചു പരാമർശിച്ചതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. പാക്ക് പ്രവിശ്യയായ ബലൂചിസ്‌ഥാനിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചും അതിനെ അടിച്ചമർത്തുന്ന പാക്ക് നയത്തെ പരോക്ഷമായി അപലപിച്ചുമായിരുന്നു ചെങ്കോട്ടയിലെ മോദിയുടെ വാക്കുകൾ. ഇതിനുപിന്നാലെ മോദിയെ അഭിനന്ദിച്ച് ബലൂചിസ്‌ഥാൻ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

<ആ>ബലൂചിസ്‌ഥാൻ

ഇറാനുമായും അഫ്ഗാനിസ്‌ഥാനുമായും അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യയാണ് ബലൂചിസ്‌ഥാൻ. വിസ്തൃതിയിൽ പാക്കിസ്‌ഥാന്റെ മൂന്നിൽ രണ്ടോളം വരും. എന്നാൽ പാക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നം. സ്വതന്ത്ര ബലൂചിസ്‌ഥാൻ എന്ന ആവശ്യത്തിനു പാക്കിസ്‌ഥാന്റെ ചരിത്രത്തോളം പഴക്കമുണ്ട്. 1970 കളിൽ നടന്ന പ്രക്ഷോഭത്തെ പാക്കിസ്‌ഥാൻ അടിച്ചമർത്തി. ബലൂചിസ്‌ഥാനിൽ ഇന്ത്യ വിഘടനവാദം വളർത്തുന്നുവെന്നു പാക്കിസ്‌ഥാൻ കാലാകാലങ്ങളായി ആരോപിച്ചു വരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.